ചർമ്മപ്രശ്നങ്ങൾ അകറ്റാൻ സഹായകമാണ് ഉരുളക്കിഴങ്ങ്. ചർമ്മവുമായി ബന്ധപ്പെട്ട മിക്ക പ്രശ്നങ്ങൾക്കും ഉരുളക്കിഴങ്ങ് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വിറ്റാമിൻ സി, വിറ്റാമിൻ ബി എന്നിവയും മറ്റ് നിരവധി പോഷകങ്ങളും കൊണ്ട് സമ്പുഷ്ടമാണ് ഉരുളക്കിഴങ്ങ്. ഇവയെല്ലാം മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു.
ആന്‍റി ഓക്സിഡന്‍റുകളുടെ സഹായത്തോടെ ചർമ്മത്തെ സൂര്യരശ്മികളിൽനിന്നു സംരക്ഷിക്കാനും ചുളിവുകളെ അകറ്റാനും ഇവ സഹായിക്കും. ചർമ്മത്തിലെ കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മത്തിന് സ്വാഭാവിക നിറം നല്‍കാനും സഹായിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് കൊണ്ടുള്ള ഫേസ് പാക്കുകളെ പരിചയപ്പെടാം.
ഒന്ന്
മുട്ടയുടെ വെള്ളയില്‍ ഉരുളക്കിഴങ്ങിന്റെ ജ്യൂസ് ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖത്തെ ചുളിവുകള്‍ മാറാനും ചര്‍മ്മം ടൈറ്റ് ആകാനും ഈ പാക്ക് സഹായിക്കും.
രണ്ട്
ഉരുളക്കിഴങ്ങിന്റെ നീര് മുഖത്ത് പുരട്ടി 15 മുതല്‍ 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളെ മാറ്റാന്‍ ഈ പാക്ക് സഹായിക്കും.
മൂന്ന്
കണ്ണിന് ചുറ്റമുള്ള കറുപ്പ് മാറാൻ ഉരുളക്കിഴങ്ങ് സഹായിക്കും. ഇതിനായി ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കാം. അതുപോലെ തന്നെ, ഉരുളക്കിഴങ്ങ് നന്നായി പേസ്റ്റാക്കിയതിന് ശേഷം അവ കണ്ണിന് താഴെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നതും ഗുണം ചെയ്യും.
നാല്
കരുവാളിപ്പ് അഥവാ സണ്‍ ടാന്‍ മാറാനും ഉരുളക്കിഴങ്ങ് സഹായിക്കും. ഇതിനായി ഒരു ടേബിള്‍സ്പൂണ്‍ ഉരുളക്കിഴങ്ങിന്റെ നീര് എടുത്തശേഷം അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേൻ ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.
അഞ്ച്
ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഉരുളക്കിഴങ്ങ് മുഖക്കുരു മാറാനും സഹായിക്കും. ഇതിനായി ഒരു ടേബിള്‍സ്പൂണ്‍ ഉരുളക്കിഴങ്ങിന്റെ നീരിലേയ്ക്ക് ഒരു തക്കാളി പിഴിഞ്ഞതും കുറച്ച് തേനും ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരു, കറുത്ത പാടുകൾ എന്നിവ മാറാൻ ഇത് സഹായിക്കും.