ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ 40 വെടിയുണ്ടകളുമായി നടൻ പിടിയിലായി. നടനും മുൻ എം.എൽ.എയുമായ കരുണാസിന്റെ പക്കൽനിന്നാണ് 40 വെടിയുണ്ടകൾ കണ്ടെടുത്തത്. ഞായറാഴ്ച രാവിലെ ചെന്നൈയിൽ നിന്ന് തിരുച്ചിയിലേക്ക് ഇൻഡിഗോ വിമാനത്തിൽ പോകാനായി എത്തിയപ്പോഴാണ് സംഭവം.
സുരക്ഷ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥർ വെടിയുണ്ടകൾ കണ്ടെത്തിയത്. കരുണാസിന്റെ സ്യൂട്ട്ക്കേസ് സ്കാൻ പരിശോധനക്ക് വിധേയമാക്കുന്നതിനിടെ അലാറമടിച്ചു. തുടർന്നാണ് ബാഗിൽനിന്ന് 40 വെടിയുണ്ടകൾ കണ്ടെടുത്തത്. തനിക്ക് തോക്ക് ലൈസൻസുണ്ടെന്നതിന്റെ രേഖകൾ കരുണാസ് സമർപിച്ചെങ്കിലും ഇദ്ദേഹത്തിന്റെ വിമാനയാത്ര സുരക്ഷ ഉദ്യോഗസ്ഥർ റദ്ദാക്കി.
മാതൃക പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തോക്ക് ഡിണ്ടിഗൽ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചെങ്കിലും വെടിയുണ്ടകൾ അബദ്ധത്തിൽ ബാഗിൽ വച്ചതാണെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു. വിശദമായ ചോദ്യംചെയ്യലിനുശേഷം ഇദ്ദേഹത്തെ വിമാനത്താവള അധികൃതർ വിട്ടയച്ചു.
ഡിണ്ടിഗൽ പൊലീസ് സ്റ്റേഷനിൽ തോക്ക് ഏൽപ്പിച്ചെന്ന് സ്ഥിരീകരിക്കുന്ന രേഖകളും കരുണാസ് ഉദ്യോഗസ്ഥർക്ക് കൈമാറി. രേഖകൾ പരിശോധിച്ച ശേഷം കരുണാസ് പറഞ്ഞത് ശരിയാണെന്ന് വ്യക്തമായതോടെ അദ്ദേഹത്തിന് തിരുച്ചിയിലേക്ക് പോകാൻ ഉദ്യോഗസ്ഥർ അനുമതി നൽകി.