India

പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണണം, മാർഗനിർദേശങ്ങൾ പാലിക്കപ്പെടണം; തിരഞ്ഞെടുപ്പ് കമ്മിഷനോട് ഇന്ത്യാ സഖ്യം

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് ഇന്ത്യ മുന്നണിയിലെ നേതാക്കൾ. വോട്ടെണ്ണൽ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യ മുന്നണി കമ്മിഷനിലെത്തിയത്.

പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണി ഫലംപ്രഖ്യാപിക്കണമെന്നും അതിന് ശേഷം മാത്രമേ ഇ.വി.എമ്മിലെ വോട്ടുകൾ എണ്ണാവു എന്ന് ഇന്ത്യസഖ്യം നേതാക്കൾ ആവശ്യപ്പെട്ടു. ഫോം 17 സിയിൽ ബൂത്ത് തിരിച്ചുള്ള വോട്ടിംഗ് കണക്കുകൾ ലഭ്യമാക്കണമെന്നും അവർ പറഞ്ഞു.

അതേസമയം, ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പ് ഫലത്തെയും, തെരഞ്ഞെടുപ്പ് കമ്മീഷനെയും അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച്‌ ബിജെപി നേതാക്കളും കമ്മീഷനിലെത്തി. എക്സിറ്റ് പോൾ ഫലത്തിന്റെ പേരിലും അപമാനിക്കാൻ ശ്രമം നടക്കുകയാണെന്ന് നേതാക്കൾ കമ്മിഷനെ അറിയിച്ചു. 295 സീറ്റിലധികം നേടി വിജയിക്കുമെന്നാണ് ഇന്ത്യ സഖ്യം പറയുന്നത്. ഇത് പാടെ തള്ളുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ.

നേരത്തെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ജില്ലാ മജിസ്ട്രേട്ടുമാരെ വിളിച്ച് അമിത് ഷാ ഭീഷണിപ്പെടുത്തുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചിരുന്നു. 150 പേരെ വിളിച്ച വിവരം അറിഞ്ഞെന്ന ആരോപണത്തിൽ കമ്മിഷൻ ജയറാം രമേശിനോട് വിശദാംശങ്ങൾ തേടുകയും ചെയ്തു.