അമരാവതി: ആന്ധ്രാപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജഗൻ സർക്കാർ വീഴുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ സർവേ. ആകെയുള്ള 175 മണ്ഡലങ്ങളിൽ എൻഡിഎ സഖ്യത്തിന് 98-120 സീറ്റുകൾ ലഭിച്ചേക്കാമെന്നാണ് പ്രവചനം. വൈഎസ്ആർസിപി 55 മുതൽ 77 സീറ്റ് വരെ നേടും.
ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിയും (TDP), പവൻ കല്യാണിന്റെ ജനസേനാ പാർട്ടിയും (JSP) ബിജെപിയും ചേർന്ന എൻഡിഎ സഖ്യം ശക്തമായ മുന്നേറ്റം കാഴ്ചവയ്‌ക്കുമെന്നും ഭരണത്തിലേറുമെന്നും സർവേ ഫലം സൂചിപ്പിക്കുന്നു. ടിഡിപി 78-96 സീറ്റുകൾ വരെയും ബിജെപി 4-6 എണ്ണവും ജെഎസ്പി 16-18 സീറ്റുകളും നേടിയേക്കാം.
അതേസമയം സംസ്ഥാനത്ത് കോൺഗ്രസ് നയിക്കുന്ന ഇന്ത്യ സഖ്യം ചിത്രത്തിൽ പോലുമില്ലെന്നാണ് എക്സിറ്റ് പോൾ സൂചിപ്പിക്കുന്നത്. 0-2 സീറ്റുകൾ ഇന്ത്യ മുന്നണിക്ക് (കോൺഗ്രസ്-സിപിഐ-സിപിഎം) ലഭിച്ചേക്കാം.
ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മെയ് 13നായിരുന്നു സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ജഗൻ മോഹൻ നയിക്കുന്ന വൈഎസ്ആർസിപി 175 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിച്ചു. എൻഡിഎ സഖ്യത്തിന് കീഴിൽ 144 സീറ്റുകളിലേക്കാണ് ടിഡിപി സ്ഥാനാർത്ഥികളെ നിർത്തിയത്. ജെഎസ്പി 21 സീറ്റുകളിലും മത്സരിച്ചു. 10 മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാർത്ഥികളെ നിർത്തിയത്.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നതിനാൽ എക്സിറ്റ് പോൾ ഫലങ്ങൾ യാഥാർത്ഥ്യമായേക്കുമെന്നാണ് സൂചന. അഴിമതി ആരോപണങ്ങളും തൊഴിലില്ലായ്മയും സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കിയിരുന്നു.
ഒഡിഷ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും ബി.ജെ.ഡിക്കും ഒരേ സീറ്റുനില പ്രവചിച്ച് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. ഇരുവര്‍ക്കും 62 മുതല്‍ 80 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. 147 അംഗ നിയമസഭയില്‍ തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനം പറയുന്നു. കോണ്‍ഗ്രസിന് സംസ്ഥാനത്ത് അഞ്ചുമുതല്‍ എട്ടു സീറ്റുവരെയാണ് പ്രവചനം.
2019-ലെ തിരഞ്ഞെടുപ്പില്‍ നവീന്‍ പട്‌നായ്ക്കിന്റെ ബി.ജെ.ഡി. സംസ്ഥാനത്ത് 112 സീറ്റുകളിലാണ് വിജയിച്ചത്. ഔദ്യോഗിക പ്രതിപക്ഷമായ ബി.ജെ.പി. 23 സീറ്റുകളും നേടി. കോണ്‍ഗ്രസിന് ഒമ്പതും സി.പി.എമ്മിന് ഒന്നും സീറ്റിലാണ് വിജയിക്കാന്‍ സാധിച്ചത്. പ്രവചനം ശരിയാവുകയാണെങ്കില്‍ 2004-ന് ശേഷം ബി.ജെ.ഡിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത ആദ്യ തിരഞ്ഞെടുപ്പാവും ഇത്തവണത്തേത്.