മാലെ: ഗസ്സയിലെ മനുഷ്യക്കുരുതിയില്‍ പ്രതിഷേധിച്ച് ഇസ്രായേൽ പൗരന്മാർക്ക് മാലിദ്വീപ് വിലക്കേർപ്പെടുത്തി. ജൂൺ രണ്ട് മുതൽ ഇസ്രായേലി പൗരന്മാർക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചതായി സുരക്ഷാ–സാങ്കേതിക മന്ത്രി അലി ഇഹ്സാൻ അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രാഷ്ട്രപതിയുടെ ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ആഭ്യന്തര സുരക്ഷാ, സാങ്കേതിക മന്ത്രി അലി ഇഹ്സാൻ തീരുമാനം അറിയിച്ചത്.
ഇസ്രയേലിന്റെ പാസ്പോർട്ട് രാജ്യത്ത് നിരോധിക്കാനുള്ള തീരുമാനം മന്ത്രിസഭ യോഗത്തിൽ പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു സ്വീകരിച്ചതായി ആഭ്യന്തര സുരക്ഷ, സാങ്കേതിക മന്ത്രി അലി ഇഹ്സൻ പറഞ്ഞു. നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ കാബിനറ്റ് ഉപസമിതി രൂപീകരിക്കും. കൂടാതെ ഫലസ്തീന്റെ ആവശ്യങ്ങൾ വിലയിരുത്താൻ പ്രത്യേക ദൂതനെ നിയോഗിക്കാനും പ്രസിഡന്റ് തീരുമാനിച്ചു. ഫലസ്തീനുവേണ്ടി ഐക്യരാഷ്ട്ര സഭയുടെ ഏജൻസിയുമായി ചേർന്ന് ധനസമാഹണ കാമ്പയിൻ നടത്താനും രാജ്യവ്യാപകമായി റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്.
റഫയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് മാലിദ്വീപ് നടപടി കടുപ്പിച്ചത്. നേരത്തെ, റഫയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ മാലിദ്വീപ് അപലപിച്ചിരുന്നു. സാധാരണക്കാർക്ക് നേരെയുള്ള ഇത്തരം ബോധപൂർവമായ ആക്രമണവും വംശഹത്യയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ കടുത്ത ലംഘനമാണെന്ന് മാലിദ്വീപ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞയാഴ്ച ഗസ്സയുടെ തെക്കൻ നഗരമായ റഫയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 35 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.