Sports

ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുന്നതിനേക്കാൾ വലിയ ബഹുമതി വേറെയില്ല; പ്രതികരിച്ച് ഗൗതം ഗംഭീർ

അബൂദബി: ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുക എന്നതിനേക്കാൾ വലിയ ബഹുമതിയില്ലെന്ന്​ മുൻ ഇന്ത്യൻതാരവും എം.പിയുമായ ഗൗതം ഗംഭീർ. അബൂദബിയിൽ ഡോ. ഷംഷീർ വയലിലിന്‍റെ ഉടമസ്ഥതയിലുള്ള ബുർജീൽ ഹോൾഡിങ്‌സിന്‍റെ മെഡിയോർ ഹോസ്പിറ്റലിൽ വിവിധ സ്പോർട്സ് അക്കാദമികളിൽ നിന്നുള്ള വിദ്യാർഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി നിയമിക്കാന്‍ ബിസിസിഐ തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ പ്രചരിച്ചിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഈ സീസണില്‍ ഐപിഎല്‍ ചാംപ്യന്‍മാരാക്കിയ ഗംഭീര്‍, ഫൈനലിനിടെ ബിസിസിഐ സെക്രട്ടറി ജയ് ഷായുമായി ചര്‍ച്ച നടത്തിയിരുന്നു. മാത്രമല്ല, ഗംഭീര്‍ ഇന്ത്യയുടെ കോച്ചാകുമെന്നുള്ള വെളിപ്പെടുത്തല്‍ ഒരു ഐപിഎല്‍ ഫ്രാഞ്ചൈസി ഉടമ നടത്തിയെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

അതിനിടെയാണ് കുട്ടികളുമായുള്ള സംവാദത്തിനിടെ താരത്തിന്‍റെ ആദ്യ പ്രതികരണം. ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുമ്പോൾ 140 കോടി ഇന്ത്യക്കാരെയും ലോകമെമ്പാടുമുള്ള ആരാധകരെയുമാണ് പ്രതിനിധീകരിക്കുന്നതെന്നും ഗംഭീർ പ്രതികരിച്ചു. ഇന്ത്യ ലോകകപ്പ് നേടാൻ മൈതാനത്തിനു അകത്തും പുറത്തുമുള്ള എല്ലാവരുടെയും കൂട്ട പരിശ്രമം ആവശ്യമാണ്, ഗംഭീർ പറഞ്ഞു​.

ട്വന്റി 20 ലോകകപ്പോടെ രാഹുല്‍ ദ്രാവിഡ് ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങും. പകരം ആര് ഇന്ത്യന്‍ കോച്ചാകുമെന്ന ചര്‍ച്ചകളിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ബിസിസിഐയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ ആരൊക്കെ എന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ച ഗൗതം ഗംഭീറിനായി വാതില്‍ തുറന്നിട്ടിരിക്കുകയാണ് ബിസിസിഐ. എന്നാല്‍ ഗൗതം ഗംഭീറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തുന്നത്.