പാലക്കാട്: റോഡിൽ വാഹനം കയറും മറ്റും ഉപയോഗിച്ചു കെട്ടിവലിക്കുന്നതിനു മോട്ടർ വാഹന വകുപ്പിന്റെ കർശന വിലക്ക്. കേടാവുകയോ അപകടത്തിൽപെടുകയോ ചെയ്യുന്ന വാഹനങ്ങൾ കെട്ടിവലിക്കുന്നതിനു പകരം റിക്കവറി വാനുകൾ ഉപയോഗിച്ചു തന്നെ നീക്കണമെന്നാണു നിർദേശം. ആലുവയിൽ ഓട്ടോറിക്ഷകൾ കെട്ടിവലിക്കുന്നതിനിടെ കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ വിദ്യാർഥി മരിച്ചതോടെയാണു നടപടി കർശനമാക്കുന്നത്. എല്ലാ ജില്ലകളിലും ഇതു സംബന്ധിച്ചു പരിശോധന നടത്തുന്നുണ്ട്.
അപകടത്തിൽപെടുന്ന ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷ, കാർ തുടങ്ങിയവ ഈ രീതിയിൽ കെട്ടിവലിക്കുന്നതു പതിവാണ്. ചിലയിടങ്ങളിൽ കേടായ ഇരുചക്രവാഹനങ്ങൾ പിന്നിലെ വാഹനത്തിൽ നിന്നു ചവിട്ടിത്തള്ളിയും കൊണ്ടുപോകുന്ന പതിവുണ്ട്. പാലക്കാട് ജില്ലയിൽ ആലത്തൂർ – തിരുവില്വാമല റൂട്ടിൽ അത്തിപ്പൊറ്റയ്ക്കു സമീപം ഗുഡ്സ് വാഹനത്തിൽ പാസഞ്ചർ ഓട്ടോറിക്ഷ കെട്ടിവലിച്ചു കൊണ്ടുപോയ സംഭവത്തിൽ ഇരു വാഹനങ്ങളിലെയും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഒപ്പം ഡ്രൈവർമാരോട് ഒരു ദിവസത്തെ ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനും നിർദേശിച്ചിട്ടുണ്ട്. സംഭവത്തിൽ കേസും എടുത്തിട്ടുണ്ടെന്നു പാലക്കാട് എൻഫോഴ്സ്മെന്റ് ആർടിഒ സി.എസ്.സന്തോഷ്കുമാർ പറഞ്ഞു.