തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥികളെ സമീപിക്കുന്നതു തടയാന്‍ വിദ്യാലയങ്ങള്‍ക്കു സമീപം എക്സൈസ് പട്രോളിങ് ശക്തമാക്കും. സ്കൂള്‍ പരിസരത്ത് സ്ഥിരമായി വന്നുപോകുന്നവരെയും കറങ്ങിനടക്കുന്നവരെയും പ്രത്യേകം നിരീക്ഷിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. ലഹരിക്കച്ചവടവുമായി ബന്ധമുള്ളവര്‍ സ്കൂള്‍ വിദ്യാര്‍ഥികളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടോ എന്നതും പരിശോധിക്കും.
അധ്യയന വര്‍ഷത്തിലുടനീളം നിരീക്ഷണം തുടരാന്‍ മന്ത്രി എം.ബി.രാജേഷ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി. വിവിധ വകുപ്പുകളുടെ ഏകോപനവും ഉറപ്പുവരുത്തി. പോലീസ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് വാഹന പരിശോധനയും നടത്തും. 5440 സ്റ്റേറ്റ് സിലബസ് സ്കൂളുകളിലും 847 സെന്‍ട്രല്‍ സിലബസ് സ്കൂളുകളിലും ലഹരിവിരുദ്ധ ക്ലബ്ബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും.
ലഹരിവിരുദ്ധ കൗണ്‍സിലിങ്ങില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിംഹാന്‍സ് മുഖേന പരിശീലനം നല്കി. ‘നേര്‍വഴി’ പദ്ധതിയിലൂടെ 180 വിദ്യാര്‍ഥികള്‍ക്കും കൗണ്‍സിലിങ് നല്കി. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സിലിങ്ങിനായി ടോള്‍ ഫ്രീ നമ്പര്‍ 14405ല്‍ ബന്ധപ്പെടാം. വിദ്യാര്‍ഥികളില്‍ ഏതെങ്കിലും തരത്തിലുള്ള സ്വഭാവവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടാല്‍ അധ്യാപകര്‍ക്കു രഹസ്യമായി വിവരം കൈമാറാന്‍ 9656178000 എന്ന നമ്പരും സജ്ജീകരിച്ചിട്ടുണ്ട്.
ലഹരി ഉപയോഗിക്കുന്ന കുട്ടികളെ തിരിച്ചറിഞ്ഞ് കൗണ്‍സിലിങ് നല്കാന് സജ്ജീകരണം ഒരുക്കി. കുട്ടികളെ തിരിച്ചറിയുന്നതിന് ക്ലാസ് ടീച്ചര്‍മാര്‍ക്ക് സ്ക്രീനിങ് ടൂള്‍ നല്കി. ആദ്യപടിയായി അധ്യാപകരും തുടര്‍ന്ന് കൗണ്‍സിലര്‍മാരും കൗണ്‍സിലിങ് നല്‍കും.