Health

മുഖക്കുരുവിന് കാരണക്കാരനോ: താരനുണ്ടാക്കുന്നത് ചെറിയ പ്രശ്‌നങ്ങളൊന്നുമല്ല

നിങ്ങള്‍ താരനെ ഇല്ലാതാക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണോ? എങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം നിങ്ങള്‍ അതിന് ശ്രമിക്കുന്ന വഴികള്‍ അത് കൃത്യമല്ലെങ്കില്‍ നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത് എന്നത് തന്നെയാണ് കാര്യം. ചിലപ്പോള്‍ താരനെ ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട് എന്നുള്ളതാണ് സത്യം.

എന്നാല്‍ നിങ്ങള്‍ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് പലപ്പോഴും മുടിയുടെ അനാരോഗ്യത്തെ ഇല്ലാതാക്കുന്നതിനും മുടിയില്‍ താരന്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നുണ്ട്. താരൻ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം

മുഖക്കുരു

എന്ത് ഭംഗിയായി കൊണ്ടു നടന്ന മുഖമായിരുന്നു. ഒറ്റ കുരുക്കളോ പാടുകളോ ഇല്ലല്ലോ എന്ന് അസൂയയോടെ പലരും പറഞ്ഞിരുന്നതാണ്. ദാ… ഇപ്പോൾ കണ്ണാടിയിൽ ഒന്നു നോക്കാൻ തന്നെ സങ്കടമാണ്. ഇതെങ്ങനെ വന്നൂന്നു മാത്രം പിടി കിട്ടുന്നില്ല എന്നു പറഞ്ഞു വിലപിക്കാൻ വരട്ടെ. ആദ്യം തലയിൽ ഒന്നു പരിശോധിച്ചു നോക്കിയേ… താരൻ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിൽ അതു തന്നെയാണ് നിങ്ങളുടെ മുഖം വികൃതമാക്കി വന്ന ഈ മുഖക്കുരുവിനും പിന്നിൽ. ഇനി ചെയ്യാൻ ഇത്ര മാത്രമേ ഉള്ളൂ താരൻ ഒഴിഞ്ഞു പോകുന്നതു വരെ മുടിയിഴകൾ മുഖത്തു വീഴാതെ ശ്രദ്ധിക്കുക.

വൃത്തികെട്ട ചൊറിച്ചിൽ

താരൻ ഉണ്ടാക്കുന്ന പ്രധാന പ്രശ്നം തന്നെയാണ് ഈ വൃത്തികെട്ട ചൊറിച്ചിൽ. താരൻ മൂലം തലയോട്ടിൽ ഉണ്ടാകുന്ന നശിച്ച കോശങ്ങളാണ് ഈ ചൊറിച്ചിലിനു പിന്നിൽ. വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങളിലൂടെ ഈ പ്രശ്നത്തിനു പരിഹാരം ലഭിച്ചില്ലെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക മാത്രമാണ് ഇവിടെ ചെയ്യാൻ സാധിക്കുന്നത്.

പുറകു ഭാഗത്തെ കുരുക്കൾ

താരൻ ഉണ്ടാക്കുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് ശരീരത്തിന്റെ പുറകു ഭാഗത്തു വരുന്ന കുരുക്കൾ. താരൻ അകറ്റാതെ ഈ പ്രശ്നം പരിഹരിക്കപ്പെടുകയുമില്ല. അതുകൊണ്ട് താരൻ ഒഴിവാക്കാൻ വേണ്ട നടപടികൾ ആദ്യം സ്വീകരിക്കുക.

മുടി കൊഴിച്ചിൽ

താരൻ സ്ഥാനം നേടി എന്നതിന്റെ ഒരു പ്രധാന ലക്ഷണമാണ് മുടി കൊഴിച്ചിൽ. തല ചീകാൻ സാധിക്കില്ല, ചീപ്പിൽ നിറയെ മുടി, എന്തിനേറെ പറയുന്നു വെറുതേ കൈകൊണ്ട് മുടിയെ ഒന്നു തലോടിയാൽ മതി ഉടൻ വരും വേരോടെ പിഴുത മുടിയിഴകൾ കൈകളിൽ. താരനെക്കാളും താരൻ ഉണ്ടാക്കുന്ന ചൊറിച്ചിലാണ് മുടി കൊഴിയാൻ കാരണമാക്കുന്നത്.

സോറിയോസിസ്

കടുത്ത താരൻ മൂലമുണ്ടാകുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് സോറിയോസിസ്. പ്രധാനമായും ചെവികളുടെ പുറകു ഭാഗത്തായാണ് ചുവന്ന നിറത്തിൽ സോറിയോസിസ് കുരുക്കൾ പ്രത്യക്ഷപ്പെടുന്നത്. തുടർന്ന് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ഇവ വ്യാപിക്കുന്നു.

കണ്ണുകളിൽ ഇൻഫെക്ഷൻ

ഇന്ത്യൻ ജേണൽ ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് കണ്ണുകൾക്കുണ്ടാകുന്ന ബ്ലെഫാരിറ്റിസ് എന്ന പ്രശ്നത്തിനു കാരണക്കാരൻ താരൻ ആണെന്നാണ്. കണ്ണുകൾ ചുവക്കുക, ചൊറിച്ചിൽ അനുഭവപ്പെടുക, കൺപീലികളിൽ‌ താരൻ ഉണ്ടാകുക എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.

ഓയിലി ഹെയർ

താരൻ തലയിലെത്തിയാൽ തലയോട്ടി എണ്ണ പ്രൊഡ്യൂസ് ചെയ്യുന്നു. ഇതാണ് തലമുടിയിലെ അധിക എണ്ണമയത്തിനു കാരണം. ദിവസവും തല നന്നായി കഴുകിയാൽ ഈ പ്രശ്നത്തിനു ഒരു പരിധി വരെ സഹായകമാകും.