തൃശ്ശൂർ: ആരോട് ചങ്ങാത്തം വേണമെന്നും വേണ്ടെന്നുമുള്ള കാര്യത്തിൽ ജാഗ്രതവേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാമവർമപുരം പോലീസ് അക്കാദമിയിൽ, പരിശീലനം പൂർത്തിയാക്കിയ 448 സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചശേഷം പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ചെയ്യേണ്ടതും ചെയ്യരുതാത്തതും തിരിച്ചറിയണം. പരാതിയുമായി സ്റ്റേഷനിൽ വരുന്നവർക്ക്, പരിഹാരമായി എന്ന ആത്മവിശ്വാസത്തോടെ തിരിച്ചുപോകാൻ സാധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരള പോലീസ് ജനകീയ സേനയായി മാറി. ഇതിന്റെ മുഖങ്ങളാകാൻ പരിശീലനം പൂർത്തിയാക്കിയവർക്ക് സാധിക്കണം. പോലീസിൽ വനിതാ പങ്കാളിത്തം വർധിപ്പിക്കാനുള്ള ബോധപൂർവമായ ഇടപെടലിന്റെ ഭാഗമാണ് വനിതാബറ്റാലിയൻ. കൂടുതൽ വനിതകളെ സേനയിലേക്ക് എടുക്കും. ഇവർക്ക് സേനയ്ക്കുള്ളിൽ മികച്ച അവസരങ്ങളും നൽകും.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 1,308 വനിതകളെ സേനയിൽ എടുത്തു. ഈ സർക്കാർ ഇതുവരെ 1,213 വനിതകൾക്ക് സേനയിൽ നിയമനം നൽകി. മികച്ച പരിശീലനം പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്താൻ സഹായിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള ആംഡ് വനിതാ പോലീസ് ബറ്റാലിയനിലെ 290 വനിതകളും കെ.എ.പി. അഞ്ചാം ബറ്റാലിയനിലെ 158 പുരുഷന്മാരുമാണ് സേനയുടെ ഭാഗമായത്. ജൂലായ് ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ഭാരതീയ ന്യായസൻഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സുരക്ഷാ അധിനിയം എന്നിവയിൽ പരിശീലനം ലഭിച്ച ആദ്യത്തെ പോലീസ് കോൺസ്റ്റബിൾ ബാച്ചാണിത്.
മേയർ എം.കെ. വർഗീസ്, പി. ബാലചന്ദ്രൻ എം.എൽ.എ.,സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ, എ.ഡി.ജി.പി.യും കേരള പോലീസ് അക്കാദമി ഡയറക്ടറുമായ പി.വിജയൻ തുടങ്ങിയവർ പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തു