Kerala

പാവപ്പെട്ടവരുടെ വയറ്റില്‍ നോക്കിയാല്‍ കാണും കീറിപ്പൊളിച്ച പാട്; കരളും വൃക്കയും പോയ വഴി?

കണ്ണൂരില്‍ അവയവം വില്‍ക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന ആദിവാസി യുവതിയുടെ പരാതിയില്‍ യുവതിയുടെ ഭര്‍ത്താവിനും ഇടനിലക്കാരന്‍ ബെന്നിക്കുമെതിരെ പൊലീസ് കേസെടുത്ത സംഭവം മനസ്സിലാക്കി തരുന്ന ഒരു കാര്യമുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും അവയവം പറിച്ചെടുക്കാന്‍ നോക്കി നില്‍ക്കുന്ന ഏജന്റുമാരുണ്ടെന്ന്. മാത്രമല്ല, കേരളത്തിലെ പാവപ്പെട്ടവരുടെ ശരീരങ്ങളില്‍ ഓപ്പറേഷന്റെ പാടുകള്‍ ഉണ്ടാകും. വൃക്കയും കരളും ഇല്ലാത്തവരായി മാറിക്കഴിഞ്ഞിട്ടുണ്ടാകും ഇപ്പോള്‍ ഭൂരിഭാഗം പേരും. സ്വന്തം ഇഷ്ടത്തിനാണ് അവയവങ്ങള്‍ കൊടുക്കുന്നതെന്ന ഒറ്റ കാരണം കൊണ്ടാണ് ഇവിടെ അവയവ മാഫിയ തഴച്ചു വളരുന്നത്.

കണ്ണൂര്‍ കേളകം പൊലീസാണ് ആദിവാസി യുവതിയുടെ പരാതിയില്‍ കേസെടുത്തത്. വധഭീഷണി, വീട്ടില്‍ അതിക്രമിച്ചു കടക്കല്‍, തടഞ്ഞുവെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. എന്നാല്‍, അവയവക്കച്ചവടത്തിന് ശ്രമിച്ചതിനെ കുറിച്ച് എഫ്.ഐ.ആറില്‍ പറയുന്നില്ല. ഭര്‍ത്താവും ഇടനിലക്കാരനും ചേര്‍ന്ന് അവയവ കച്ചവടത്തിന് നിര്‍ബന്ധിച്ചെന്ന് ആദിവാസി യുവതി കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. കണ്ണൂര്‍ നെടുംപൊയില്‍ സ്വദേശിനിക്ക് വൃക്കദാനം ചെയ്യാന്‍ ഇടനിലക്കാരന്‍ ഒമ്പത് ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. അവയവ വില്‍പ്പനയില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ വധ ഭീഷണിയുണ്ടായെന്നാണ് യുവതി മാധ്യമങ്ങളോത് പറഞ്ഞത്.

അവയവ കച്ചവടത്തിനായി ആദ്യം ഇടനിലക്കാര്‍ ബന്ധപ്പെട്ടത് യുവതിയുടെ ഭര്‍ത്താവിനെയാണ്. ആറ് ലക്ഷം രൂപയ്ക്കാണ് എട്ടുവര്‍ഷം മുന്‍പ് ഭര്‍ത്താവിന്റെ വൃക്ക വില്‍പ്പന നടത്തിയത്. ഒന്നര വര്‍ഷം മുമ്പ് ഇതേ ഇടനിലക്കാരന്‍ വീണ്ടും യുവതിയുടെ വീട്ടിലെത്തി. ഇത്തവണ ആവശ്യപ്പെട്ടത് 29കാരിയായ യുവതിയുടെ വൃക്കയായിരുന്നു. പ്രതിഫലമായി ഒമ്പതുലക്ഷം രൂപയും വാഗ്ദാനം ചെയ്തു. പിന്നാലെ ഇടനിലക്കാരനും ഭര്‍ത്താവും ചേര്‍ന്ന് യുവതിയെ ആലുവയില്‍ എത്തിച്ചു. താല്‍ക്കാലിക മേല്‍വിലാസം ഉണ്ടാക്കി വൃക്ക കൈമാറ്റത്തിനുള്ള രേഖകള്‍ എല്ലാം തരപ്പെടുത്തി. പിന്നാലെ മെഡിക്കല്‍ ടെസ്റ്റുകളും പൂര്‍ത്തിയാക്കി.

എന്നാല്‍ സര്‍ജറിക്കുള്ള ഡേറ്റ് നിശ്ചയിച്ചതിന് പിന്നാലെ വൃക്ക നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് യുവതി പിന്മാറുകയായിരുന്നു. തിരികെ വീട്ടിലെത്തിയതിനു ശേഷം ഏജന്റും ഭര്‍ത്താവും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. ഇതോടെയാണ് ഒന്നര മാസം മുമ്പ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ നടപടി ഒന്നുമുണ്ടായില്ല. ഇടനിലക്കാരനായ ബെന്നി മുഖാന്തരം മറ്റു പലരും അവയവക്കച്ചവടത്തിന് ഇരയായിട്ടുണ്ടെന്നാണ് യുവതി പറയുന്നത്. മുട്ടം, തൊടുപുഴ ആസ്ഥാനമാക്കി അവയവക്കച്ചവട മാഫിയ ഇടുക്കി ജില്ലയിലും പിടിമുറുക്കുിയിട്ടുണ്ട്.

കഴിഞ്ഞ 2 വര്‍ഷത്തിനിടെ ഈ പ്രദേശത്തു പത്തോളം പേര്‍ വൃക്കനല്‍കിക്കഴിഞ്ഞു. കുടുംബവുമായി പിരിഞ്ഞ് ഒറ്റയ്ക്കു ജീവിക്കുന്നവരെയാണ് ഇടനിലക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സ്‌പെഷല്‍ ബ്രാഞ്ച് പറയുന്നു. 2 വര്‍ഷം മുന്‍പു തൊടുപുഴയ്ക്കു സമീപം താമസിക്കുന്ന ഷാജി എന്ന വ്യക്തി പണത്തിനായി വൃക്ക വിറ്റിരുന്നു. സുഹൃത്തു പരിചയപ്പെടുത്തിയ ആള്‍ വഴിയായിരുന്നു ഇടപാട്. പിന്നീട് ഷാജി വൃക്ക ഏജന്റായി മാറി. വൃക്ക നല്‍കുന്നവര്‍ക്കു 10 ലക്ഷം രൂപയും ഏജന്റിന് 50,000 രൂപയുമാണ് ആവശ്യപ്പെടുന്നത്.

സാമ്പത്തികമായി ആകെ തകര്‍ന്നിരിക്കുമ്പോഴാണ് വൃക്ക നല്‍കാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യവുമായി, വര്‍ഷങ്ങളായി പരിചയമുള്ള ഒരാള്‍ മുന്നിലെത്തിയത്. പേടിക്കേണ്ട കാര്യമില്ലെന്നും എല്ലാം നല്ലതിനല്ലേ എന്നും പറഞ്ഞതോടെ വിശ്വസിച്ചുപോയി. എട്ടര ലക്ഷമായിരുന്നു വാഗ്ദാനം. ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ കൈയില്‍ കിട്ടിയത് മൂന്നര ലക്ഷം. പിന്നെ കണ്ടത് അയാളുടെ തനിനിറമാണ്. കൊച്ചിയിലെ അവയവക്കച്ചവട റാക്കറ്റിന്റെ കെണിയില്‍ വീണ ആലപ്പുഴ സ്വദേശിനിയുടെ തുറന്നുപറച്ചില്‍ ഇങ്ങനെയായിരുന്നു.

വൃക്കദാനത്തിന് വേറെ ആളുകളെ ബന്ധപ്പെടുത്തിക്കൊടുത്താലേ ബാക്കി പണം നല്‍കൂ എന്നായിരുന്നു ഭീഷണി. കുറച്ചുപേരെ അയാള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. എന്നിട്ടും ബാക്കി അഞ്ചുലക്ഷം തന്നതേയില്ല. പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ അവയവക്കച്ചവട മാഫിയയുടെ ഏജന്റായ അയാളും സുഹൃത്തുക്കളും മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്തു.
രാജ്യമാകെ വേരുറപ്പിച്ച അവയവക്കച്ചവട റാക്കറ്റുകള്‍ പിന്തുടരുന്ന രീതിയാണിത്. അവയവം പോയ്ക്കഴിഞ്ഞാല്‍ പിന്നെ മാഫിയകള്‍ ഇരയെ തഴയും. സ്വന്തം ഇഷ്ടപ്രകാരമാണ് നല്‍കുന്നതെന്ന സത്യവാങ്മൂലത്തില്‍ ഒപ്പിടുന്നതോടെ എല്ലാകാര്യങ്ങളും തകിടം മറിയും. അതുവരെ പറഞ്ഞിരുന്നതെല്ലാം മാറിയാ സംഘങ്ങള്‍ മാറ്റി പറഞ്ഞു തുടങ്ങും. ഇതാണ് ഇവരുടെ രീതി. മണിചെയിന്‍ മോഡല്‍ തട്ടിപ്പിനു സമാനമായ തട്ടിപ്പ്. ലക്ഷങ്ങള്‍ ലഭിക്കുമെന്നും ഇതിലൂടെ കടങ്ങളെല്ലാം വീട്ടാമെന്നും കരുതിയാണ് ആളുകള്‍ ഒന്നും ചിന്തിക്കാതെ വൃക്കയും കരളും വില്‍ക്കാന്‍ സന്നദ്ധത അറിയിക്കുന്നത്.

എല്ലാം കഴിയുമ്പോള്‍ കറിവേപ്പില പോലെയായിപ്പോകുന്നു. ദിവസക്കൂലിക്കാരും കെട്ടിടനിര്‍മ്മാണ ജോലിക്കാരുമൊക്കെയാണ് കെണിയില്‍ വീഴുന്നവരില്‍ ബഹുഭൂരിഭാഗവും. മേജര്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായതിനാല്‍ ഇവര്‍ക്കൊന്നും കടുപ്പമുള്ള ജോലികള്‍ പിന്നെ ചെയ്യാനാകില്ല. ഇങ്ങനെയാണ് മാഫിയാ സംഘങ്ങളുടെ ഇടനിലാക്കാരാകേണ്ട ഗതികേടുണ്ടാകുന്നത്. കമ്മിഷന്‍ തുകയാണ് ഇതിനു പ്രേരിപ്പിക്കുന്നത്. 50,000 രൂപ വരെയാണ് റാക്കറ്റുകള്‍ നല്‍കുന്നത്. ഒരിക്കല്‍ വീണുപോയാല്‍ തിരികെ കയറാന്‍ കഴിയുകയുമില്ല. റാക്കറ്റിന്റെ ഭീഷണി തന്നെ കാരണം.

നിയമവിരുദ്ധമായ അവയവക്കച്ചവടത്തിന് കൂട്ടുനിന്നതിന് അറസ്റ്റിലാകുമെന്നു ഭയന്ന് പരാതിയുമായി മിക്കവരും പൊലീസിനെ സമീപിക്കാറുമില്ല. തൊഴില്‍രഹിതരായ യുവാക്കളും സ്ത്രീകളുമാണ് അവയവക്കച്ചവട റാക്കറ്റുകളുടെ പ്രധാന ഇരകള്‍. ബംഗ്ലാദേശിലെ യുവാക്കളെ ഇന്ത്യയിലെത്തിക്കുന്ന സംഘങ്ങളും സജീവമാണ്. ചുരുങ്ങിയത് 20 രേഖകളുണ്ടെങ്കിലേ അവയവദാനം സാധ്യമാകൂ. രേഖകളെല്ലാം ഏജന്റുമാര്‍ തന്നെ നിര്‍മ്മിക്കും. പ്രാദേശിക ഇടനിലക്കാരനാണ് ഇതെല്ലാം ചെയ്തുനല്‍കുന്നത്. ഓരോ സ്ഥലത്തും ഓരോ രീതിയിലാണ് മോഡസ്ഓപ്പറാണ്ടി നടക്കുന്നത്.

ചിലയിടങ്ങളില്‍ അവയവം വില്‍ക്കാന്‍ തയ്യാറായവരെ സ്വീകര്‍ത്താവിന്റെ വീട്ടില്‍ രണ്ടുമാസത്തിലധികം താമസിപ്പിക്കും. പിന്നീട് ഇവര്‍ അടുത്ത ബന്ധുവാണെന്ന് പ്രദേശത്താകെ പറഞ്ഞു പരത്തും. ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും വരെ വ്യാജമായി നിര്‍മ്മിക്കും. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കു മുന്നിലെത്തിക്കുക. ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്കു നല്‍കേണ്ട ഉത്തരങ്ങളെല്ലാം ഇരയെ പറഞ്ഞു പഠിപ്പിച്ചിരിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകളുടെ കൂട്ടായ്മകള്‍ക്ക് സ്വകാര്യ പണമിടപാട് സംഘങ്ങള്‍ വായ്പകള്‍ നല്‍കുന്നുണ്ട്. ഇതിലെ ചില കളക്ഷന്‍ ഏജന്റുമാരുടെ ലക്ഷ്യം പണപ്പിരിവു മാത്രമല്ല.

അവയവക്കച്ചവട മാഫിയകള്‍ക്കായി ദാതാക്കളെ എത്തിച്ചുകൊടുക്കല്‍ കൂടിയാണ്. തൃശൂരിലെ മുല്ലശേരി പഞ്ചായത്തിലെ കൂട്ട അവയവക്കച്ചടം ഇതിന് ഒരു ഉദാഹരണം. തിരിച്ചടവ് മുടങ്ങുമ്പോള്‍ വായ്പ മുഴുവന്‍ തീര്‍ക്കാനുള്ള പണം നല്‍കാമെന്ന് ഏജന്റുമാര്‍ അറിയിക്കുന്നതാണ് തുടക്കം. കൊള്ളപ്പലിശയ്ക്ക് നല്‍കുന്ന കൈവായ്പയും മുടങ്ങുന്നതോടെ ഏജന്റുമാര്‍ തുറുപ്പുചീട്ടിറക്കും. കടങ്ങളെല്ലാം തീര്‍ക്കാന്‍ അവയവം വില്‍ക്കാനുള്ള സാദ്ധ്യതകളും മോഹനവാഗ്ദാനങ്ങളും നല്‍കി ഇരകളാക്കുകയാണ് ചെയ്യുക.

തൃശൂരിലെ അഞ്ച് സ്ത്രീകളടക്കം ഏഴുപേര്‍ കെണിയില്‍ വീണത് ഇങ്ങനെയാണെന്ന് മുല്ലശേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എ ബാബു സാക്ഷ്യപ്പെടുത്തുന്നു. മകളുടെ വിദ്യഭ്യാസത്തിന് പണം കണ്ടെത്താനും കടമെല്ലാം വീട്ടാനുമാണ് ഒരു വീട്ടമ്മ വൃക്ക വില്‍ക്കാന്‍ തയ്യാറായത്. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. പറഞ്ഞുറപ്പിച്ച പണം ഏജന്റ് നല്‍കിയില്ല. കിട്ടിയ തുക ഭര്‍ത്താവ് കൈക്കലാക്കിയപ്പോള്‍ വീട്ടമ്മ എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ഇവരെ രക്ഷപ്പെടുത്തിയതോടെയാണ് കാര്യങ്ങള്‍ പുറത്തറിഞ്ഞത്.

ഏഴുപേരെയും കണ്ടെത്തി. അഞ്ചുപേര്‍ വൃക്കയും രണ്ടുപേര്‍ കരളുമാണ് നല്‍കിയത്. പുറമ്പോക്കില്‍ താമസിച്ചിരുന്ന യുവാവ് 12 ലക്ഷം രൂപയ്ക്കാണ് കരള്‍ വിറ്റത്. ഇവരിപ്പോള്‍ പല സ്ഥലത്തായാണ് കഴിയുന്നത്. ഫോണുകള്‍ സ്വിച്ച് ഓഫാണ്. മൂന്നുപേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. നിരവധി പേര്‍ ഇരകളായിട്ടുണ്ടെന്നും ബാബു പറയുന്നു.