ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രകിയക്ക് തിരശീല വീഴാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആര് വാഴും, ആര് വീഴുമെന്ന വ്യക്തമായ ചിത്രം നാളെ അറിയാം. ഏഴ് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ രാജ്യത്തെ പൗരന്മാര്‍ അവരുടെ സമ്മതിദാനം നിര്‍വഹിച്ചു. രാവിലെ എട്ട് മണിക്കാരംഭിക്കുന്ന വോട്ടെണ്ണലില്‍, ഒന്‍പതു മണിയോടെ തന്നെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ കൃത്യമായ ട്രെന്‍ഡ് അറിയാന്‍ സാധിക്കും. 18-ാമത് ലോക്‌സഭയിലേക്ക് ആരൊക്കെ കടന്നു ചെല്ലും, ആര് സര്‍ക്കാര്‍ ഉണ്ടാക്കുമെന്നുള്‍പ്പടെയുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ഉച്ചയോടെ അറിയാം.
ഏപ്രില്‍ 19 ന് ഒന്നാം ഘട്ടത്തോടെ ആരംഭിച്ച ലോക്‌സഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ 26, മെയ് 7, മെയ് 13, മെയ് 20, മെയ് 25, അവസാനത്തേതും ഏഴാം ഘട്ടവുമായ ജൂണ്‍ ഒന്നോടെ അവസാനിച്ചു. 31.2 കോടി സ്ത്രീകളടക്കം 64.2 കോടി വോട്ടര്‍മാര്‍ ഇത്തവണ ഏഴ് ഘട്ടങ്ങളിലായി സമ്മതിദാനം നിര്‍വഹിച്ചതായി ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. ഇതൊരു ലോക റെക്കോര്‍ഡാണെന്നും, ഒന്നാം ഘട്ടം മുതല്‍ രാജ്യത്തെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരകള്‍ ഉണ്ടായത് ജനാധിപത്യ പ്രക്രിയയിലുള്ള അവരുടെ വിശ്വാസം കൂട്ടുന്നതിന് കാരണമായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ എക്‌സിറ്റ് പോളാണ് താരമായി മാറിക്കൊണ്ടിരിക്കുന്നത്. ഒട്ടു മിക്ക ഏജന്‍സികളും നടത്തിയ എക്‌സിറ്റ് പോളുകളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നാം വട്ടവും അധികാരത്തില്‍ വരുമെന്ന് പറയുമ്പോള്‍ ഇത്തവണ ഇന്ത്യ മുന്നണിയ്‌ക്കൊപ്പമാണ് ജനങ്ങള്‍ എന്ന ശുഭാപ്തി വിശ്വാസം അവര്‍ പ്രകടിപ്പിക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി രാജ്യത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കായി ജനം വോട്ട് ചെയ്യുമെന്ന് എന്‍ഡിഎ മുന്നണി ഉറപ്പ് പറയുമ്പോള്‍, രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റ് കര്‍ഷകര്‍ക്ക് ഉള്‍പ്പടെയുള്ളവരുടെ കണ്ണീര്‍ വീഴ്ത്തിയ എന്‍ഡിഎ സര്‍ക്കാരിനെ ജനം വലിച്ചു താഴെയിടുമെന്നാണ് ഇന്ത്യ മുന്നണിയുടെ വിശ്വാസം. ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് 353 മുതല്‍ 383 സീറ്റുകള്‍ വരെ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിനും 152 മുതല്‍ 182 സീറ്റുകള്‍ വരെ പ്രതിപക്ഷമായ ഇന്ത്യ മുന്നണിക്ക് 152 മുതല്‍ 182 സീറ്റുകളുമാണ് വിവിധ സര്‍വേകള്‍ പ്രവചിക്കുന്നത്.
ജമ്മു കശ്മീരില്‍ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തി, മൊത്തത്തില്‍ 58.58 ശതമാനവും താഴ്വരയില്‍ 51.05 ശതമാനവുമാണ് പോളിങ്. പശ്ചിമ ബംഗാളിലെ ബരാസത്ത്, മഥുരാപൂര്‍ ലോക്സഭാ മണ്ഡലങ്ങളില്‍ ഓരോ ബൂത്തുകളിലായാണ് റീപോളിംഗ് ഇന്ന് നടക്കുന്നത്. റിട്ടേണിംഗ് ഓഫീസര്‍മാരുടെയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെയും ബന്ധപ്പെട്ട നിരീക്ഷകരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റീപോളിംഗ് തീരുമാനിച്ചത്. 2019ലെ 540 റീപോളുകളെ അപേക്ഷിച്ച് 2024-ല്‍ 39 റീപോളുകള്‍ മാത്രമാണ് നടന്നത്. ഈ 39 എണ്ണത്തില്‍ 25 എണ്ണവും അരുണാചല്‍, മണിപ്പൂര്‍ എന്നിവിടങ്ങളിലായിരുന്നു. 1.5 കോടി പോളിംഗ്, സുരക്ഷാ ഉദ്യോഗസ്ഥരും 68,763 മോണിറ്ററിംഗ് ടീമുകളും നാല് ലക്ഷം വാഹനങ്ങളും വോട്ടിങ് പ്രക്രിയയില്‍ പങ്കാളകളായി.
എക്‌സിറ്റ് പോളിനെ തള്ളി കോണ്‍ഗ്രസ്
ഏഴാം ഘട്ട തെരഞ്ഞെടുപ്പിനു ശേഷം പുറത്തു വന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയല്ലെന്നും പ്രതീക്ഷിച്ച വിജയം ഉണ്ടാകുമെന്നും കോണ്‍ഗ്രസിന്റെ വിവിധ സംസ്ഥാന-ഘടകം നേതാക്കള്‍ വ്യക്തമാക്കി. ഹൈക്കമാന്‍ഡ് ഓണ്‍ലൈനായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നേതാക്കള്‍ സംസ്ഥാന വിലയിരുത്തല്‍ നടത്തിയത്. കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാന, യുപി, പഞ്ചാബ്, ജാര്‍ഖണ്ഡ്, അസം, ഹിമാചല്‍, ബിഹാര്‍, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ ലക്ഷ്യമിട്ട വിജയം കൈവരിക്കാന്‍ കഴിയുമെന്ന് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. 100 സീറ്റുകളില്‍ ജയം ഉറപ്പിക്കാമെന്നും ഏതാനും സീറ്റുകളില്‍ ശക്തമായ മത്സരമുണ്ടെന്നുമാണു കോണ്‍ഗ്രസിന്റെ കണക്ക്ക്കൂട്ടലെങ്കിലും ഇന്ത്യ മുന്നണി ഇത്തവണ അധികാരത്തിലേക്ക് കയറുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
അതിനിടെ, തെരഞ്ഞെടുപ്പിന്റെ ഫലം സര്‍വേക്കാര്‍ പ്രവചിച്ചതിന് വിപരീതമായിരിക്കുമെന്ന് കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ടെന്ന് എക്സിറ്റ് പോള്‍ ഫലങ്ങളോട് സോണിയ ഗാന്ധി പ്രതികരിച്ചു. ഞങ്ങള്‍ കാത്തിരിക്കണം, കാത്തിരുന്ന് കാണുക,” ജൂണ്‍ 4 ചൊവ്വാഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്നുള്ള പ്രതീക്ഷകളെക്കുറിച്ച് സോണിയ ഗാന്ധി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. എക്‌സിറ്റ് പോളുകളെ കടുത്ത ഭാഷയിലാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്, ‘മോദി മീഡിയ പോള്‍’ എന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.എ.ഐ.സി.സി. ആസ്ഥാനത്ത് കോണ്‍ഗ്രസ് ലോക്‌സഭാ സ്ഥാനാര്‍ഥികളുമായുള്ള ഓണ്‍ലൈന്‍ യോഗത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. ഇന്ത്യ സഖ്യം 295 സീറ്റുകള്‍ നേടുമെന്നും രാഹുല്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യ സഖ്യം തോല്‍ക്കുന്നുവെന്ന് ഒരു പ്രതീതി സൃഷ്ടിക്കാനാണ് എക്‌സിറ്റ് പോളുകള്‍ നടത്തിയവര്‍ ശ്രമിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ഇതൊരു സൈക്കോളജിക്കല്‍ ഗെയിമാണെന്നും ഇന്ത്യ സഖ്യം ഇതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും ജയറാം രമേശ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
അതിനിടെ, നാളത്തെ വോട്ടെണ്ണലില്‍ ജാഗ്രത ഉറപ്പാക്കണമെന്ന ഹൈക്കമാന്‍ഡ് സംസ്ഥാന ഘടകങ്ങളോടു നിര്‍ദേശിച്ചു. ഓരോ സംസ്ഥാനത്തും സ്വീകരിച്ച തയാറെടുപ്പുകളെക്കുറിച്ചും നേതാക്കള്‍ ചോദിച്ചറിഞ്ഞു. ഇന്ത്യ സഖ്യത്തിന് യോഗത്തില്‍ മികച്ച പിന്തുണയാണ് ലഭിച്ചത്. ഒരോ സംസ്ഥാനങ്ങളിലും മികച്ച രീതിയിലുള്ള പിന്തുണയാണ് പ്രാദേശിക കക്ഷികള്‍ ഉള്‍പ്പടെ നല്‍കിയതെന്ന് യോഗം വിലയിരുത്തി.
ബിജെപി ക്യാമ്പില്‍ പുഞ്ചിരികള്‍
എക്‌സിറ്റ് പോള്‍ ഫലം വന്നതോടെ ബിജെപിയും എന്‍ഡിഎ ക്യാമ്പിലും ആവേശവും ആഘോഷങ്ങള്‍ക്കും ഇരട്ടി വേഗമാണ്. ബിജെപിക്കു തന്നെ കേവല ഭൂരിപക്ഷത്തിനു കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന് പറയുന്ന പോളുകള്‍ എന്‍ഡിഎ മുന്നണി മികച്ച വിജയം നേടുമെന്നാണ് പ്രവചിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിലേറുമെന്ന് എക്സിറ്റ് പോളുകള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, സര്‍ക്കാര്‍ രൂപീകരണം പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹത്തിന്റെ ടീം നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന 100 ദിവസത്തെ പരിപാടിയെക്കുറിച്ച് മോദി അവലോകന യോഗം നടത്തി. കാലഹരണപ്പെട്ട ചിന്തകളെയും വിശ്വാസങ്ങളെയും പുനര്‍വിചിന്തനം ചെയ്യാനും നമ്മുടെ സമൂഹത്തെ പ്രൊഫഷണല്‍ അശുഭാപ്തിവിശ്വാസികളുടെ സമ്മര്‍ദത്തില്‍ നിന്ന് മോചിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് ആഹ്വാനം ചെയ്തു, 25 വര്‍ഷത്തിനുള്ളില്‍ ഒരു ‘വിക്ഷിത് ഭാരത്’ എന്നതിന് അടിത്തറ പാകണമെന്ന് അദ്ദേഹം വാദിച്ചു.
ഇന്നലെ നടന്ന ഈ 100 ദിന പദ്ധതികള്‍ക്കായുള്ള അവലോകന യോഗത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ആദ്യ 100 പേരില്‍ ഈ അജണ്ട നടപ്പിലാക്കുന്നതിനായി കുറഞ്ഞത് 10 ഗ്രൂപ്പുകളെങ്കിലും ഒരു കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ ഓരോ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുണ്ട്.
കേരളം തെരഞ്ഞെടുപ്പില്‍
ചരിത്ത്രതില്‍ ആദ്യമായി കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ബിജെപിക്ക് ഒന്നു മുതല്‍ നാല് സീറ്റ് വരെ ലഭിക്കുമെന്ന് പറയുമ്പോഴും ഏതാണ് ആ സീറ്റ് എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കണക്ക്ക്കൂട്ടല്‍ പ്രകാരം തിരുവനന്തപുരം, തൃശൂര്‍ എന്നിവയില്‍ വിജയം ഉറപ്പിച്ചു കഴിഞ്ഞു. പത്തനംത്തിട്ട, ആറ്റിങ്ങല്‍, പാലക്കാട് എന്നിവിടങ്ങളില്‍ മികച്ച വോട്ട് നേടാന്‍ സാധിക്കുമെന്ന് അവര്‍ പ്രതീക്ഷ കൈവയ്ക്കുന്നു. എന്നാല്‍ കേരളത്തിന്റെ സാഹചര്യങ്ങള്‍ മനസിലാക്കത്ത എക്‌സിറ്റ് പോളാണ് നടന്നതെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു. മലയാള മനോരമ ന്യൂസ് നടത്തിയ സര്‍വേയില്‍ നിന്നും ബിജെപി പുറത്താണ്. കേരളത്തില്‍ യുഡിഎഫ് 16-18 സീറ്റുകള്‍ നേടുമെന്നും ഭരണകക്ഷിയായ എല്‍ഡിഎഫ് രണ്ടു മുതല്‍ നാല് സീറ്റുകളില്‍ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പറയുന്നത്.
വോട്ടെണ്ണാന്‍ രണ്ടു ദിവസം മാത്രം നില്‍ക്കെ പുറത്തുവന്ന എക്‌സിറ്റ് പോളുകളെ തള്ളി എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന് മികച്ച നേട്ടം ഉണ്ടാക്കുമെന്ന് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേരളത്തില്‍ ബിജെപി ഒരു സീറ്റും നേടില്ലെന്നും എക്‌സിറ്റ് പോള്‍ സിപിഎമ്മിനെതിരായ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കില്ലെന്ന നിലപാട് തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫും വ്യക്തമാക്കുന്നത്. കേരളത്തില്‍ യുഡിഎഫ് എല്‍ഡിഎഫ് മത്സരമാണ്, ബിജെപിക്ക് സീറ്റൊന്നും നേടാനാകില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ദേശീയ മാധ്യമങ്ങളും ഏജന്‍സികളും ചേര്‍ന്ന് നടത്തിയ എക്‌സിറ്റ് പോളില്‍ കേരളത്തില്‍ മൂന്ന് സീറ്റ് നേടുമെന്ന പ്രവചനം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരു പോലെ സന്തോഷം നല്‍കുന്നു.