അംഗീകൃതമല്ലാത്ത ഓൺലൈൻ ഖുർആൻ പഠനത്തിന് വിലക്ക് ഏർപ്പെടുത്തി യു.എ.ഇ. രാജ്യത്തിനകത്ത് കൃത്യമായ ലൈസൻസോടെയല്ലാതെ ഖുർആൻ പഠനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടി ഉണ്ടാകും. നിയമലംഘനം കണ്ടെത്തിയാൽ തടവും പിഴയും ശിക്ഷ ലഭിക്കുമെന്ന് യു.എ.ഇ മതകാര്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
അംഗീകൃത മാനദണ്ഡങ്ങൾ പാലിച്ചും യോഗ്യതയുള്ള അധ്യാപകർ മുഖേനയുമാണ് ഖുർആൻ പഠനം നടക്കേണ്ടത്. എന്നാൽ ഓൺലൈൻ മാധ്യമങ്ങളിലൂടെയും മറ്റും പരസ്യം നൽകി നടത്തുന്ന ഖുർആൻറ പഠന കേന്ദ്രങ്ങളും സംവിധാനങ്ങളും മതചൈന്യത്തിനു തന്നെ നിരക്കാത്തതാണെന്ന് യു.എ.ഇ ഔഖാഫ് വിഭാഗം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് അംഗീകൃതമല്ലാതെയുള്ള ഓൺലൈൻ ഖുർആൻ പഠനത്തിന് രാജ്യത്തുടനീളം വിലക്ക് ഏർപ്പെടുത്തുന്നത്. ബന്ധപ്പെട്ട വകുപ്പിൽ നിന്ന് അംഗീകാരം ഉറപ്പാക്കാതെയുള്ള ഖുർആൻ പഠന സ്ഥാപനങ്ങളും അനുവദിക്കില്ല.
തെറ്റായ രീതിയിലുള്ള ഖുർആൻ മതപഠനം പുതുതലമുറയെ വഴിതെറ്റിക്കാനുള്ള സാധ്യത വലുതാണെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി. യോഗ്യതയില്ലാത്ത അധ്യാപകർ നടത്തുന്ന ഖുർആൻ പഠനവും വ്യാഖ്യാനവും ഇസ്‌ലാമിക തത്വസംഹിതയെ കുറിച്ചും തെറ്റിദ്ധാരണ പടർത്താൻ മാത്രമേ സഹായിക്കൂ. ലൈസൻസില്ലാതെ നടക്കുന്ന ഓൺലൈൻ ഖുർആൻ പഠന കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറണമെന്നും അധികൃതർ ആവശ്യപ്പെട്ടു. നിയമം ലംഘിക്കുന്നവർക്ക് രണ്ടു മാസം വരെ തടവും അര ലക്ഷം ദിർഹം വരെ ഫൈനും ലഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.