ജീവാനന്ദം പദ്ധതിക്കെതിരേ സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട ആക്രമണം നടന്നതിനു പിന്നാലെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിലപാട് മയപ്പെടുത്തി. ജീവാനന്ദം പദ്ധതി എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധമല്ല എന്ന് ധനവകുപ്പ് പത്രകുറിപ്പിറക്കി. തത്ക്കാലം തടിയൂരിയെങ്കിലും ധനമന്ത്രിയുടെ ശരിക്കുള്ള പ്രതിസന്ധി വന്നത് മുഖ്യമന്ത്രിയിലൂടെയാണ്. ജീവാനന്ദം പദ്ധതിയുടെ പേരില്‍ ധനമന്ത്രി ഇറക്കിയ പത്രക്കുറിപ്പ് മുഖ്യമന്ത്രിക്ക് ബോധിച്ചിട്ടില്ല. വെച്ചകാല്‍ പിന്നോട്ടെടുക്കാത്ത ആളാണ് മുഖ്യമന്ത്രി. അപ്പോള്‍ കൂടെയുള്ളവരും അങ്ങനെതന്നെ ആകണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍, നടന്നത് മറ്റൊന്നായതു കൊണ്ടാണ് മുഖ്യമന്ത്രിക്ക് ദഹിക്കാതെ പോയത്.
ജീവാനന്ദം പദ്ധതിയില്‍ നിന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പിന്നോട്ട് പോയതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. താല്‍പര്യമുള്ളവര്‍ ചേര്‍ന്നാല്‍ മതിയെങ്കില്‍ ആരാണ് ജീവാനന്ദം പദ്ധതിയില്‍ ചേരുന്നത് എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. ധനവകുപ്പ് ഭരണത്തില്‍ ബാലഗോപാല്‍ ശോഭിക്കുന്നില്ല എന്ന അഭിപ്രായവും മുഖ്യമന്ത്രിക്കുണ്ട്. ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ കെ.എം എബ്രഹാമിന് കാബിനറ്റ് റാങ്ക് നല്‍കിയതും ബാലഗോപാലിന്റെ പ്രകടനം മോശമായത് കൊണ്ടാണെന്നാണ് സെക്രട്ടേറിയറ്റിലെ അകത്തളങ്ങളില്‍ ജീവനക്കാര്‍ പറയുന്നത്. ഫിനാന്‍സ് സെക്രട്ടറി കസേരയില്‍ ഇരുന്ന് തഴക്കവും പഴക്കവുമുള്ള കെ.എം എബ്രഹാമിന്റെ തലയില്‍ ഉദിച്ച ആശയമാണ് ജീവാനന്ദം.
ബജറ്റ് പ്രസംഗത്തില്‍ ബാലഗോപാലിനെ കൊണ്ട് ജീവാനന്ദം പ്രഖ്യാപിച്ചത് മുന്‍കൂട്ടിയുള്ള നീക്കമായിരുന്നു. ബജറ്റ് പ്രഖ്യാപനങ്ങള്‍ ഉത്തരവുകളായി ഇറങ്ങുമ്പോള്‍ സാധാരണ ഗതിയില്‍ പ്രതിഷേധം ഉണ്ടാകാറില്ല എന്ന് മുന്‍കൂട്ടി കണ്ടാണ് ജീവാനന്ദത്തിന് അടിത്തറയിട്ടത്. സര്‍ക്കാര്‍ കേന്ദ്രങ്ങളെ ഞെട്ടിച്ച് കൊണ്ട് ഉത്തരവ് ഇറങ്ങി മണിക്കൂറുകള്‍ക്കകം പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നു. ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റിലെ പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ കൂട്ടായ്മ സെക്രട്ടേറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതിഷേധം പ്രതിപക്ഷ നേതാവ് ഏറ്റെടുത്തതോടെ 24 മണിക്കൂറുകള്‍ക്കുള്ളില്‍ ജീവാനന്ദം കേരളം മുഴുവന്‍ ചര്‍ച്ചയാവലുകയായിരുന്നു.
ശക്തമായ പ്രതിഷേധങ്ങളാണ് സംസ്ഥാനത്താകെ സര്‍ക്കാര്‍ ജീവനക്കാര്‍ പദ്ധതിക്കെതിരെ ഉയര്‍ത്തിയത്. മൂന്ന് വര്‍ഷമായി ആനുകൂല്യങ്ങള്‍ കിട്ടാതെ നില്‍ക്കുന്ന ജീവനക്കാരുടെ കയ്യില്‍ നിന്ന് ശമ്പളം വീണ്ടും കവരാനുള്ള നീക്കത്തിന് ഭരണകക്ഷി സംഘടനകളുടെ പിന്തുണ പോലും കിട്ടിയില്ലെന്നതാണ് വസ്തുത. പദ്ധതി എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധമല്ല എന്ന നിലപാട് എടുത്താണ് ബാലഗോപാല്‍ വിഷയം തണുപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, സര്‍ക്കാരിന്റെ പ്ലാന്‍ ബി ആയിരുന്നു ജീവാനന്ദം എന്ന പദ്ധതി. മാസം 500 കോടിവച്ച് ഒരുവര്‍ഷം 6000 കോടി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ലഭിക്കുന്ന പദ്ധതി എന്ന നിലയില്‍ പഠിച്ച് തയ്യാറാക്കിയാണ് കെ.എം. എബ്രഹാം ജീവാനന്ദം പദ്ധതി അവതരിപ്പിച്ചത്.
സാമ്പത്തിക പ്രതിസന്ധികാലത്ത് സര്‍ക്കാരിന് വര്‍ഷം 6000 കോടി കിട്ടുന്ന പദ്ധതി പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നതിന്റെ പേരില്‍ യൂ ടേണ്‍ എടുത്തത് ന്യായികരിക്കാന്‍ സാധിക്കില്ല എന്നാണ് എബ്രഹാമിന്റെ നിലപാട്. സാമ്പത്തിക പ്രതിസന്ധികാലത്ത് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നാണ് എബ്രഹാമിന്റെ വാദം. പത്രകുറിപ്പ് ഇറക്കി ബാലഗോപാല്‍ ജീവാനന്ദം പദ്ധതിയില്‍ നിന്ന് തലയൂരി എങ്കിലും ഉത്തരവ് പുതുക്കി ഇറക്കണമെന്നാണ് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം. മുഖ്യമന്ത്രിയും കെ.എം. എബ്രഹാമും ഇടഞ്ഞതോടെ ഉത്തരവ് എങ്ങനെ പുതുക്കി ഇറക്കും എന്ന ആശങ്കയിലാണ് ബാലഗോപാല്‍.
എന്നാല്‍, ജീവനക്കാര്‍ ഇതിനെതിരേ പരസ്യമായി രംഗത്തിറങ്ങിയാല്‍ സര്‍ക്കാരിന് നാണക്കേടാകുമെന്നുറപ്പാണ്. സ്വന്തം സര്‍ക്കാര്‍ ജീവനക്കാരുടെ അടിവേരറുക്കുന്ന നയം നടപ്പാക്കുന്നത്, ക്ഷമിക്കാന്‍ കഴിയുമെന്നു തോന്നനുന്നില്ലെന്നാണ് സി.പി.എം അനുകൂല സംഘടനയുടെ നിലപാട്. പക്ഷെ, അത് അവര്‍ പരസ്യമായി പറയുന്നില്ലെന്നു മാത്രം. ഒരു ഘട്ടം വന്നാല്‍, അത് തുറന്നു പറയുക മാത്രമല്ല, സമരത്തിനിറങ്ങാനും നിര്‍ബന്ധിതരാകുമെന്നാണ് സൂചന. ധനമന്ത്രിക്ക് ധനവകുപ്പിലെ കാര്യങ്ങളിലൊന്നും പിടിയില്ലാത്ത സ്ഥിതി
യായിരിക്കുകയാണ്. കാര്യങ്ങളെല്ലാം നീക്കുന്നത്, കെ.എം എബ്രഹാം ആണെന്നും വിമര്‍ശനമുണ്ട്.