India

ഡ​ൽ​ഹി​യി​ൽ താ​ജ് എ​സ്പ്ര​സി​ന്‍റെ നാ​ല് ബോ​ഗി​ക​ളി​ൽ തീ​പി​ടി​ത്തം; അണയ്ക്കാൻ തീവ്രശ്രമം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യിലെ സരിതാ വിഹാറിൽ ട്രെയിനിൽ തീപിടുത്തം. താജ് എക്സ്പ്രസിന്റെ 4 കോച്ചുകൾക്കാണ് തീപിടിച്ചത്. സംഭവം യാത്രക്കാരിൽ വലിയ പരിഭ്രാന്തി ഉണ്ടാക്കി. സംഭവസ്ഥലത്ത് ഫയർഫോഴ്സിന്‍റെ 8 യുണിറ്റുകൾ എത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്.

വൈ​കു​ന്നേ​രം 4.24നാ​യി​രു​ന്നു സം​ഭ​വം. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആർക്കും പരിക്കില്ലെന്നും പൊലീസ് അറിയിച്ചു. യാത്രക്കാർ മറ്റ് കോച്ചുകളിലേക്ക് മാറുകയും ട്രെയിനിൽ നിന്ന് ഇറങ്ങുകയും ചെയ്തിട്ടുണ്ട്.

ചെയർ കാറുള്ള ജനറൽ കോച്ചുകളിലാണ് തീപിടിത്തമുണ്ടായതെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ഓഖ്‌ല, തുഗ്ലക്കാബാദ് റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലാണ് സംഭവം. കോച്ചുകളിൽ തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻ ട്രെയിൻ നിർത്തുകയായിരുന്നു.

സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.