Entertainment

‘അയാൾ എന്നെ മോശമായി സ്പർശിച്ചു; മഞ്ഞയോട് ഭീതിയും വെറുപ്പും ആയിരുന്നു’; ദുരനുഭവം വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മി

പിന്നെ മഞ്ഞ ഉടുപ്പുകളോട് ഭയമുണ്ടായിട്ടില്ല

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. നിവിൻ പോളിയുടെ നായികയായി എത്തിയ ഐശ്വര്യ തേടി നിരവധി കഥാപാത്രങ്ങൾ പിന്നാലെ എത്തി. ഇറങ്ങിയ സിനിമകളെല്ലാം വിജയമായതോടെ ഐശ്വര്യയുടെ താരമൂല്യവും വർദ്ധിച്ചു. ഇപ്പോഴിതാ ചെറു പ്രായത്തിൽ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ് നടി. ചെറുപ്പത്തിൽ ഉണ്ടായ അനുഭവം പിന്നീട് ഒരു ട്രോമയായി മാറി എന്നും നടി പറയുന്നുണ്ട്.

‘മായാനദി കഴിഞ്ഞു വരത്തന്‍ എന്ന സിനിമ വന്നു. ആ ചിത്രത്തിലെ അഭിനയത്തിനാണ് ആദ്യമായി മികച്ച നടിക്കുള്ള ഒരു അവാര്‍ഡ് കിട്ടുന്നത്. അന്ന് കണ്‍ കട്ടാല ബ്രാന്‍ഡ് ഉടമകളുടെ ഒരു സമ്മാനം തേടി വന്നു. ഇളം മഞ്ഞ നിറമുള്ള ഓര്‍ഗന്‍സ് സാരിയില്‍ സില്‍വര്‍ എംബ്രോഡറിയുള്ളത്. സത്യത്തില്‍ മഞ്ഞ നിറമുള്ള വസ്ത്രം ഞാന്‍ ഇടാറില്ലായിരുന്നു. മഞ്ഞയോട് ഭീതിയും വെറുപ്പും ആയിരുന്നു.

ചെറുപ്പത്തില്‍ മഞ്ഞ നിറത്തില്‍ സ്‌ട്രോബെറിയുടെ ചിത്രങ്ങള്‍ ഉള്ള ഒരു സ്‌കേര്‍ട്ട് എനിക്ക് ഉണ്ടായിരുന്നു. ആ ഉടുപ്പണിഞ്ഞ സന്തോഷത്തോടെ പുറത്തുപോയ അന്നാണ് എനിക്ക് മോശം സ്പര്‍ശം നേരിടേണ്ടി വന്നത്. ആ ട്രോമയില്‍ നിന്ന് എന്റെ മനസ്സിനെ മോചിപ്പിക്കാനാണ് ദൂരെ നിന്നും ആ മഞ്ഞ സാരി തേടി വന്നതെന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു.

ആ സാരിയുടുത്ത് അവാര്‍ഡ് വാങ്ങിയതിനു ശേഷം സംസാരിക്കാനായി വിളിച്ചപ്പോള്‍ സ്റ്റേജില്‍ നിന്ന് ഒറ്റ കരച്ചിലായിരുന്നു. എന്നോ മനസ്സില്‍ കടന്നു പിടിച്ച അപമാനവും ഭീതിയും ആ നിമിഷത്തില്‍ അഴിഞ്ഞുവീണു പോയിട്ടുണ്ടാവും. പിന്നെ മഞ്ഞ ഉടുപ്പുകളോട് ഭയമുണ്ടായിട്ടില്ല’ എന്നാണ് ഐശ്വര്യ പറയുന്നത്.

സാരിയോട് ഇഷ്ടമുണ്ടെങ്കിലും സാരികള്‍ ധാരളമായി വാങ്ങിക്കൂട്ടാറില്ല. അലമാരയില്‍ സൂക്ഷിച്ചു വച്ചിട്ടുള്ളത് കൂടിയാല്‍ പത്ത് സാരിയാകും. സാരിയോട് ഇമോണല്‍ കണക്ട് തോന്നിയാലേ വാങ്ങുകയുള്ളുവെന്നും നടി കൂട്ടിച്ചേര്‍ത്തു.