കൊച്ചി: വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നൽകി ഹൈക്കോടതി. നിയമലംഘനങ്ങള്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്യുന്ന വ്ളോഗര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. യൂട്യൂബർ സഞ്ജു ടെക്കി വണ്ടിയില്‍ രൂപമാറ്റം വരുത്തിയ കേസിലാണ് കോടതി സുപ്രധാന നിർദേശം പുറപ്പെടുവിച്ചത്.
ഓടുന്ന വാഹനത്തിൽ ഡ്രൈവർ കാബിനിലിരുന്നു വീഡിയോ പകർത്തുന്നവർക്കെതിരെയും നടപടി. വ്ലോഗർമാർക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം നടപടിയെടുക്കണം. രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കാൻ എൻഫോഴ്സ്മെന്റ് ഓഫീസർമാർക്ക് നിർദേശം നൽകി.
വ്ലോഗർമാരും വാഹന ഉടമകളും യൂട്യൂബിലടക്കം പങ്കുവച്ച വീഡിയോകൾ ശേഖരിക്കണം. വാഹനങ്ങളിൽ നടത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കാനും നിർദേശമുണ്ട്. വാഹനവും നിയമലംഘനത്തിന്റെ ദൃശ്യങ്ങളും മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കണം. വാഹനത്തിന്റെ കസ്റ്റഡി ഉൾപ്പെടെ മജിസ്ട്രേറ്റ് കോടതി തീരുമാനിക്കും.
3 മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും. വാഹനത്തിന്റെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യും. ഹൈക്കോടതിയുടേതാണ് ഉത്തരവ്.
അതേസമയം, സഞ്ജു ടെക്കിക്കെതിരെ എംവിഡി കുറ്റപത്രം നല്കി. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് കുറ്റപത്രം നല്‍കിയത്. സഞ്ജുവും കാർ ഓടിച്ച സൂര്യനാരായണനുമാണ് കേസിൽ പ്രതികള്‍. ഇവര്‍ക്കെതിരെ പ്രൊസിക്യൂഷൻ നടപടികളും ആരംഭിച്ചു. ആറ് മാസം മുതൽ ഒരുവർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന അപകടമുണ്ടാക്കുന്ന രീതിയിൽ വണ്ടിയോടിച്ചുവെന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. സുരക്ഷിതമല്ലാത്ത വാഹനം റോഡിൽ ഓടിച്ചതിനുള്ള വകുപ്പും ചുമത്തി. ഈകുറ്റത്തിന് മൂന്ന് മാസം തടവ് ശിക്ഷ ലഭിക്കാം. കേസിൽ പ്രതികൾ കോടതിയിൽ വിചാരണ നേരിടണം.
ആർടിഒയുടെ ശിക്ഷാനടപടികളെ പരിഹസിച്ച് സഞ്ജു യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കേസെടുത്തതിന് ശേഷം തന്റെ യുട്യൂബ് ചാനലിന് ലോകം മുഴുവൻ റീച്ച് കൂടിയെന്നും 10 ലക്ഷം രൂപ ചെലവിട്ടാൽ പോലും കിട്ടാത്ത പ്രശസ്തി കിട്ടിയതിന് എല്ലാവര്ക്കും നന്ദിയുണ്ടെന്നായിരുന്നു വീഡിയോ. തുടർന്ന് ഹൈക്കോടതിയാണ് പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ ആർടിഒയോട് നിർദ്ദേശിച്ചത്. സഞ്ജു ടെക്കിയുടെ ടാറ്റാ സഫാരി പൊലീസ് കസ്റ്റഡിയിലെക്ക് മാറ്റും. മന്നഞ്ചേരി പൊലീസിനാണ് ആർടിഒ കാർ കൈമാറുന്നത്.