ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 3 വരെ നീട്ടി. പ്രത്യേക ജഡ്ജി കാവേരി ബവേജയുടേതാണ് വിധി. സാക്ഷികളെ സ്വാധീനിക്കുന്നതിൽ കവിത നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും ഇളവ് അനുവദിച്ചാൽ അത് തുടരാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി ഡൽഹി കോടതി മുമ്പ് കേസിൽ ജാമ്യാപേക്ഷ തള്ളിയിരുന്നു.
മെയ് 29ന് കേസിൽ ബി.ആർ.എസ് നേതാവിനെതിരായ കുറ്റപത്രം പരിഗണിച്ചതിന് ശേഷം കോടതി അവർക്കെതിരെ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ച കവിതയെ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു വിധി പ്രസ്താവം. കുറ്റപത്രത്തിൽ നേതാവ് സൗത്ത് ഗ്രൂപ്പ് അംഗങ്ങളുമായി ഗൂഢാലോചന നടത്തുകയും എ.എ.പി നേതാക്കൾക്ക് നൂറ് കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തതായും പരാമർശമുണ്ടെന്നാണ് റിപ്പോർട്ട്.
തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ 46 കാരിയായ കവിതയെ മാർച്ച് 15 ന് ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ വസതിയിൽ നിന്ന് ഫെഡറൽ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. ഡൽഹി എക്സൈസ് നയ അഴിമതിയുടെ പ്രധാന ഗൂഢാലോചനക്കാരിയും ഗുണഭോക്താവും കവിത ആയിരുന്നുവെന്ന് ഏജൻസി നേരത്തെ പറഞ്ഞിരുന്നു.
2021-22 ലെ ഡൽഹി സർക്കാരിന്റെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും ആരോപിച്ചാണ് കവിതയ്‌ക്കെതിരെയുള്ള എക്സൈസ് കേസ്. ഡൽഹി എക്സൈസ് നയത്തിന്റെ സൗത്ത് ഗ്രൂപ്പിലെ പ്രധാന അംഗമാണ് കവിതയെന്ന് ഇഡി ആരോപിച്ചു.