ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ജമ്യാപേക്ഷ മെയ് 21 ന് ഡൽഹി ഹൈക്കോടതി തളളിയതിനെ തുടർന്നാണ് സിസോദിയ സുപ്രിം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിക്കുക.
സിസോദിയയുടെ പെരുമാറ്റം ജനാധിപത്യ തത്വങ്ങളോടുള്ള വലിയ വഞ്ചനയാണെന്ന് പറഞ്ഞ ഹൈക്കോടതി, ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ നശിപ്പിക്കുന്നതിൽ ഏർപ്പെട്ടുവെന്നും ആരോപിച്ചു.
മദ്യനയ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2023 ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. തുടർന്ന് മാർച്ച് 9 ന് അദ്ദേഹത്തെ ഇഡിയും അറസ്റ്റ് ചെയ്തിരുന്നു. 2023 ഫെബ്രുവരി 28ന് ഡൽഹി മന്ത്രിസഭയിൽ നിന്ന് സിസോദിയ രാജിവച്ചു.
ഇതേ കേസിൽ ഇക്കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റു ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം നേടിയ കെജ്രിവാൾ ഞായറാഴ്ച തിഹാർ ജയിലിൽ തിരിച്ചെത്തി.
2021ൽ ഡൽഹി സർക്കാർ നടപ്പാക്കിയ മദ്യനയത്തിൽ വ്യാപക ക്രമക്കേട് നടന്നതായാണ് കേസ്. ഏതാനും വ്യവസായികൾക്കു മാത്രം ലൈസൻസ് ലഭിക്കത്തക്ക വിധത്തിൽ മദ്യനയം രൂപപ്പെടുത്താൻ എ.എ.പി സർക്കാറിലെ ഉന്നതർ കൈക്കൂലി സ്വീകരിച്ചെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.