മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ക്ലോഡിയ ഷെയിൻബോം തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത മെക്സിക്കോയുടെ പ്രസിഡന്റാകുന്നത്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണ് അറുപത് ശതമാനത്തോളം വോട്ടു നേടി, മെക്സിക്കോ സിറ്റിയുടെ മുൻ മേയറും 61-കാരിയുമായ ക്ലോഡിയ വിജയിച്ചത്. രാജ്യത്തെ തിരഞ്ഞെടുപ്പ് അതോറിറ്റി ക്ലോഡിയയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മെക്സിക്കോയുടെ ഇരുന്നൂറ് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രസിഡന്റാകുന്നത്. ഏകദേശം 130 ദശലക്ഷം ആളുകൾ ഉള്ള മെക്സിക്കോയിൽ പ്രസിഡന്റാകുന്ന ആദ്യ ജൂത വ്യക്തിയുമാണ് ക്ലോഡിയ.
മുഖ്യ എതിരാളിയും ബിസിനസുകാരിയുമായ സൊചിതിൽ ഗാൽവേസിനേക്കാൾ 30 ശതമാനം അധികം പോയിന്റാണ് ഇടതുപക്ഷ പാർട്ടിയായ മൊറേനയുടെ സ്ഥാനാർഥിയായ ക്ലോഡിയ നേടിയത്. മൊറേന പാർട്ടി സ്ഥാപകനും നിലവിലെ മെക്സിക്കൻ പ്രസിഡന്റുമായ ആൻഡ്രസ് മാനുവൽ ലോപ്പസിന്റെ വിശ്വസ്തകൂടിയാണ് ക്ലോഡിയ.
ഒക്ടോബർ ഒന്നിന് ആൻഡ്രസ് സ്ഥാനമൊഴിയുകയും ക്ലോഡിയ പ്രസിഡന്റായി അധികാരമേൽക്കുകയും ചെയ്യും. 2018ൽ മെക്സിക്കോ സിറ്റിയുടെ ആദ്യ വനിതാ മേയറായപ്പോൾ രാജ്യത്തെ ഏറ്റവും സ്വാധീനശേഷിയുള്ള രാഷ്ട്രീയ പദവികളിലൊന്നായി അത് മാറി. മെക്സിക്കൻ രാഷ്ട്രീയത്തിലെ ‘കണ്ണാടി മേൽക്കൂര’ പൊട്ടിച്ചാണ് ക്ലോഡിയ അധികാരത്തിലേക്ക് നടന്നടുത്തതെന്ന് രാഷ്ട്രീയ വിചക്ഷണർ വിലയിരുത്തുന്നു.
എനർജി എൻജിനീയറിങ്ങിൽ ഡോക്ടറേറ്റുള്ള ക്ലൗഡിയ, കാലാവസ്ഥാ ശാസ്ത്രജ്ഞകൂടിയാണ്. അവരുടെ മാതാപിതാക്കളും ശാസ്ത്രജ്ഞരായിരുന്നു. കാലിഫോണിയയിലെ ഗവേഷണ കേന്ദ്രത്തിൽ മെക്സിക്കൻ ഊർജ ഉപഭോഗത്തേക്കുറിച്ച് അവർ വർഷങ്ങളോളം പഠനം നടത്തി. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച വിഷയങ്ങളിൽ വിദഗ്ധയാണ് ക്ലൗഡിയ.
പ്രസിഡന്റിനെ കൂടാതെ മെക്സിക്കൻ കോൺഗ്രസിലേക്കുള്ള അംഗങ്ങൾ, എട്ട് സംസ്ഥാനങ്ങളിലെ ഗവർണർമാർ, മെക്സിക്കോ സിറ്റി സർക്കാരിന്റെ തലവൻ, ആയിരത്തോളം പ്രദേശിക ഭരണകർത്താക്കൾ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.