തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർണമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ആദ്യ ഫല സൂചന രാവിലെ ഒമ്പതിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സന്ദര്‍ശിച്ചത്.
രാവിലെ എട്ട് മുതല്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങും. തുടര്‍ന്ന് രാവിലെ എട്ടരയോടെ ഇവിഎം വോട്ടുകളും എണ്ണും. ഇവിഎം വോട്ടുകള്‍ എണ്ണി തുടങ്ങുന്നതിനൊപ്പം പോസ്റ്റല്‍ ബാലറ്റും എണ്ണും. ഒരുക്കങ്ങളെല്ലാം പൂര്‍ണമാണ്. ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാൻ മൂന്ന് തവണയാണ് പരിശീലനം നല്‍കിയത്. വോട്ടെണ്ണലിന്റെ റിയല്‍ ടൈം ഡാറ്റ മീഡിയ റൂമുകള്‍ വഴി ലഭിക്കും.
ജില്ലാ കളക്ടര്‍മാരുമായി അവലോകന യോഗം ചേര്‍ന്ന് ഒരുക്കം വിലയിരുത്തിയിട്ടുണ്ട്. എല്ലാം സുതാര്യമായി തന്നെ നടക്കുമെന്നും സഞ്ജയ് കൗള്‍ കൂട്ടിച്ചേർത്തു.