സൗദിയിൽ അഴിമതി കേസുകളിൽപ്പെട്ട 112 പേർ അറസ്റ്റിലായി. ആറ് മന്ത്രാലയങ്ങളിൽ നിന്നുള്ളവരാണിവർ. അഴിമതി നിർമാർജ്ജനത്തിെൻറ ഭാഗമായി 2024 മെയ് മാസത്തിൽ നടത്തിയ അന്വേഷണത്തിനിടയിലാണ് ഇത്രയും പേരെ അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) പിടികൂടിയത്. ഒരു മാസത്തിനിടെ 3806 നിരീക്ഷണ റൗണ്ടുകൾ നടത്തുകയും ആറ് മന്ത്രാലയങ്ങളിലെ സംശയാസ്പദമായ 446 പേരെ ചോദ്യ ചെയ്തതായും അതോറിറ്റി പറഞ്ഞു.
ആഭ്യന്തരം, പ്രതിരോധം, ദേശീയ ഗാർഡ്, നീതി, ആരോഗ്യം, മുനിസിപ്പൽ, ഗ്രാമകാര്യങ്ങൾ, ഹൗസിങ്, മാനവ വിഭവശേഷി സാമൂഹിക വികസനം, സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി എന്നീ വകുപ്പുകളിൽ നിന്നുള്ളവരാണിവർ. അന്വേഷണത്തിനിടെ കൈക്കൂലി, ഓഫീസ് അധികാര ദുർവിനിയോഗം, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 112 പേരെ അറസ്റ്റ് ചെയ്തു. ഇവരെ ജുഡീഷ്യറിക്ക് റഫർ ചെയ്യാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി നിയമ നടപടികൾ പൂർത്തിയായി വരികയാണെന്നും അതോറിറ്റി പറഞ്ഞു.