മുംബൈ: യാത്രയ്ക്കിടെ എയര്‍ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരെ ആക്രമിക്കുകയും എമർജൻസി ഡോർ തുറക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ മലയാളി അറസ്റ്റില്‍. അബ്ദുള്‍ മുസാവിര്‍ നടുക്കണ്ടി എന്ന 25കാരനെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.
ഒന്നാം തീയതി കോഴിക്കോട് നിന്ന് ബഹ്റൈനിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം. തുടര്‍ന്ന് മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കുകും മുസവിറിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
വിമാനം കോഴിക്കോട്ടുനിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ ഇയാള്‍ സീറ്റില്‍നിന്ന് എഴുന്നേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിന്റെ പിന്നിലേക്കുപോയ മുസവിര്‍, ജീവനക്കാരെ ആക്രമിക്കുകയും വാതില്‍ തുറക്കാന്‍ ശ്രമിച്ചെന്നുമാണ് ആരോപണം.
ജീവനക്കാര്‍ ഇയാളെ സീറ്റില്‍ തിരികെ കൊണ്ടുവന്ന് ഇരുത്തിയെങ്കിലും സഹയാത്രക്കാരെ അസഭ്യം പറയുകയും എമര്‍ജന്‍സി വാതില്‍ തുറക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് അധികൃതര്‍ പറഞ്ഞു.
വിമാനം സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ഉടന്‍ മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. വിമാനം മുംബൈയില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് ചെയ്തതിന് പിന്നാലെ സുരക്ഷാ ജീവനക്കാര്‍ യുവാവിനെ പിടികൂടുകയായിരുന്നു. അബ്ദുള്‍ മുസാവറിനെതിരെ ജീവന് അപായപ്പെടുത്താന്‍ ശ്രമം, എയര്‍ക്രാഫ്റ്റ് ആക്ട് ലംഘനം, ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.