കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നടക്കുന്ന നാളെ വടകരയിൽ സംഘർഷ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിനെ തുടർന്ന് ക്രമസമാധന ചുമതലയുളള എഡിജിപി വടകരയിൽ ക്യാമ്പ് ചെയ്യുകയാണ്. രഹസ്യാന്വേഷണ വിഭാഗമാണ് സംഘർഷത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡിജിപിയും എഡിജിപിയും പ്രത്യേക യോഗം വിളിച്ച് വടക്കൻ കേരളത്തിലെ സ്ഥിതി വിലയിരുത്തി.
വടകരയിൽ 600 അംഗ സായുധസേനയെ വിന്യസിക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് വോട്ടെണ്ണൽ കഴിഞ്ഞാലും സേനയെ പിൻവലിക്കരുതെന്ന് നിർദേശമുണ്ട്. ക്രമസമാധാന നില ഭദ്രമാണെന്നും ആവശ്യത്തിന് പൊലീസുകാരെയും, സുരക്ഷക്കായി അഡീ പട്രോംളിംഗ് ഏർപ്പെടുത്തിയതായും കണ്ണൂർ റെയ്ഞ്ച് ഡിഐജി തോംസൺ ‘ജോസ് അറിയിച്ചു.
വടകരയിലെ പ്രശ്നബാധിത പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെ നിയോഗിക്കുമെന്ന് കോഴിക്കോട് കലക്ടർ സ്നേഹിൽ കുമാർ സിംഗ് നേരത്തെ അറിയിച്ചിരുന്നു. ആഹ്ളാദ പ്രകടനങ്ങൾ വൈകീട്ട് ഏഴു മണിയോടെ അവസാനിപ്പിക്കണമെന്നും നിർദേശം.
അതേസമയം, കോഴിക്കോട് വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പരിധിയിലാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
1600 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിക്കും. 6 കമ്പനി ബറ്റാലിയനും 6 സ്ട്രൈക്കിങ്ങ് ഫോഴ്സുകളും 66 മൊബൈൽ പെട്രോൾ യൂനിറ്റുകളുമുണ്ടാകും ക്യു ആർ ടീം ഏത് സാഹചര്യവും നേരിടാൻ തയാറാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
നാദാപുരം, കുറ്റ്യാടി , പേരാമ്പ്ര മണ്ഡലങ്ങളിൽ പ്രത്യേക സുരക്ഷ ഒരുക്കും. ഇന്നലെ നാദാപുരത്തും കല്ലാച്ചിയിലും പോലീസ് റൂട്ട് മാർച്ച് നടത്തി. വോട്ടെണ്ണലിന് ശേഷം ഏഴ് മണി വരെ മാത്രമേ ആഹ്ലാദപ്രകടനം അനുവദിക്കൂ
നാളെ രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും. ആദ്യ ഫല സൂചന രാവിലെ ഒമ്പത് മണിയോടെ ലഭിക്കുമെന്നാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.