മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യാസഖ്യം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് ശിവസേന (യു.ബി.ടി.) നേതാവ് സഞ്ജയ് റാവുത്ത്. ഇന്ത്യാസഖ്യത്തിന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ധാരാളം സ്ഥാനാര്‍ഥികളുണ്ട്, എന്നാല്‍ ബി.ജെ.പിയുടെ അവസ്ഥ എന്താണെന്ന് അദ്ദേഹം ചോദിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ‘രാംലല്ല’ യുടെ പേരില്‍ വോട്ട് തേടിയെന്നുള്‍പ്പടെ, തെരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചും മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളെക്കുറിച്ചും പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവഗണിച്ചെന്നും റാവുത്ത് വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന് 17 പരാതികള്‍ നല്‍കിയെന്നും ഇതിനൊന്നിനും മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു ശേഷം ഇൻഡ്യ മുന്നണി നേതാക്കൾ ഡൽഹിയിൽ യോഗം ചേരും. മുന്നണിയിലെ പാർട്ടി നേതാക്കൾ ചൊവ്വാഴ്ച രാത്രി ഡൽഹിയിൽ തങ്ങണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പു ഫലം വന്നശേഷം തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച വൈകിട്ടോ ബുധനാഴ്ച രാവിലെയോ യോഗം ചേർന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിന് അനുകൂല നിലപാട് സ്വീകരിച്ചതായാണ് വിവരം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ശനിയാഴ്ച മുന്നണി നേതാക്കൾ ചേർന്ന യോഗത്തിൽ മമതയും പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തിയും പങ്കെടുത്തിരുന്നില്ല. സമാജ്വാദി പാർട്ടി, സി.പി.എം, സി.പി.ഐ, ഡി.എം.കെ, ജെ.എം.എം, എ.എ.പി, ആർ.ജെ.ഡി, ശിവസേന (ഉദ്ധവ് താക്കറെ), എൻ.സി.പി (ശരദ് പവാർ) ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾ യോഗത്തിനെത്തിയിരുന്നു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയ പ്രമുഖ കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്.