ഒമാൻ ഹജ്ജ് മിഷൻ അംഗങ്ങൾ സൗദി അറേബ്യയിലേക്ക് തിരിച്ചു. ഒമാനിൽ നിന്നും ഹജ്ജിനെത്തുന്നവർക്ക് സേവനവും അവരുടെ ചടങ്ങുകൾക്ക് ഒമാനി ഹജ്ജ് മിഷൻ സംഘം മേൽനോട്ടം വഹിക്കും. ഈ വർഷം ഒമാനിൽ നിന്നും 14,000 തീർഥാടകർക്കാണ് ഹജ്ജിന് പോകാൻ അനുമതി കിട്ടിയിട്ടുള്ളത്. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒമാൻ ഹജ്ജ് മിഷൻ അംഗങ്ങൾ നൽകിയ യാത്രയയപ്പിൽ, എൻഡോവ്മെൻറ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മമാരി, മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. സുൽത്താൻ ബിൻ സഈദ് അൽ ഹിനായിയാണ് ഒമാൻ ഹജ്ജ് മിഷനെ നയിക്കുന്നത്.
ഫത്‌വ, മത മാർഗനിർദേശം, ഭരണപരവും സാമ്പത്തികവുമായ കൈകാര്യ ചെയ്യൽ, ഹജ്ജ് കമ്പനികളുടെ മേൽനോട്ടം വഹിക്കുന്നയാൾ, മെഡിക്കൽ, റോയൽ ഒമാൻ പൊലീസ് പ്രതിനിധി, സ്റ്റേറ്റ് ഓഡിറ്റ് സ്ഥാപന പ്രതിനിധി, മാധ്യമ പ്രതിനിധി സംഘം, സ്‌കൗട്ട് എന്നിരാണ് ഒമാൻ ഹജ്ജ് മിഷൻ അംഗങ്ങളിലുൾപ്പെടുന്നത്.
തീർഥാടകർ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും ചടങ്ങുകൾ അനുഷ്ഠിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യാനും വേണ്ട സൗകര്യങ്ങൾ മിന, അറഫ ക്യാമ്പുകളിൽ ഉണ്ടാകും. ഈ വർഷം ഒമാനിൽ നിന്നും 13,500 ഒമാനികളും 250 അറബ് താമസക്കാരും 250 അറബ് ഇതര താമസക്കാർക്കും ആണ്ഹജ്ജിന് പോകാൻ അനുമതി കിട്ടിയിട്ടുള്ളത്.