ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് ഗ്രൂപ്പ് ഡി യിലെ പോരാട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ആറു വിക്കറ്റ് ജയം നേടി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 77 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക, 16.2 ഓവറില്‍ ലക്ഷ്യം മറികടന്നു. നാലോവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ആന്റിച്ച് നോര്‍ക്യയുടെ ബൗളിംഗ് മികവാണ് ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞത്.
ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കുശാല്‍ മെന്‍ഡിസ് (19), കാമിന്ദു മെന്‍ഡിസ്(11), ഏഞ്ചലോ മാത്യൂസ്(16) എന്നിവരാണ് രണ്ടക്കം കടന്നത്. വാനിന്ദു ഹസരങ്ക, സദീര സമരവിക്രമ, മഹീഷ് പതിരണ, നുവാന്‍ തുഷാര എന്നിവര്‍ക്ക് റണ്ണൊന്നുമെടുക്കാനായില്ല. പതും നിസ്സങ്ക(3), ചരിത് അസലങ്ക(6), ദസുന്‍ ഷനക(9) എന്നിവര്‍ നിരാശപ്പെടുത്തി. ഏഴ് റണ്ണെടുത്ത മഹീഷ് തീക്ഷണ പുറത്താവാതെ നിന്നു. 19.1 ഓവറില്‍ ലങ്കന്‍ ഇന്നിങ്സ് അവസാനിച്ചു. റബാദ, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.
ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക വളരെ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ സാഹചര്യം മുതലെടുത്ത ശ്രീലങ്കന്‍ ബൗളര്‍മാര്‍ കൃത്യതയോടെ പന്തെറിഞ്ഞുവെങ്കിലും വിജയിക്കാന്‍ പോന്ന ഒരു സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കഴിയാത്തത് വിനയായി. ക്വിന്റണ്‍ ഡി കോക്ക് 20(27), റീസ ഹെന്‍ഡ്രിക്‌സ് 4(2), ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം 12(14), ട്രിസ്റ്റന്‍ സ്റ്റബ്‌സ് 13(28) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.
ഹെയ്ന്റിച്ച് ക്ലാസന്‍ 19*(22), ഡേവിഡ് മില്ലര്‍ 6*(6) എന്നിവര്‍ പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ വാണിന്ദു ഹസരംഗ രണ്ട് വിക്കറ്റും, ദസുണ്‍ ഷണക, നുവാന്‍ തുഷാര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.