ഹജ്ജിനായി എത്തിയ ഇന്ത്യൻ തീർഥാടകരിൽ പത്ത് പേർ ഇതുവരെ ആരോഗ്യ പ്രയാസങ്ങളാൽ മരണപ്പെട്ടു. ഒരു ലക്ഷത്തിലേറെ ഹാജിമാരാണ് ഇതിനകം ഇന്ത്യയിൽ നിന്നെത്തിയത്. കേരളത്തിൽ നിന്നും പതിനായിരത്തോളം തീർത്ഥാടകരാണ് മക്കയിലെത്തിയത്. ഹാജിമാർക്ക് ഉപയോഗിക്കാനായി നുസുക്ക് കാർഡുകളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി വഴി ഇന്ത്യയിൽ നിന്നുള്ള വിവിധ എംബാഷൻ പോയിൻറ് നിന്നുള്ള 104563 തീർത്ഥാടകരാണ് ഇതുവരെ മക്കയിലെത്തിയത്.
ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഇപ്പോൾ ഹാജിമാർ മക്കയിലെത്തുന്നത്. മദീന വഴിയുള്ള ഇന്ത്യൻ തീർത്ഥാടകരുടെ വരവ് അവസാനിച്ചു. നേരത്തെ വന്ന തീർത്ഥാടകർ 8 ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തും. ഇവരുടെ മടക്കം ഹജ്ജിന് ശേഷം ജിദ്ദ വഴിയായിരിക്കും. കേരളത്തിൽ നിന്നുള്ള 10000 ത്തോളം തീർത്ഥാടകർ ഇതിനകം മക്കയിൽ എത്തിയിട്ടുണ്ട്. കരിപ്പൂർ,കൊച്ചി, കണ്ണൂർ, എന്നീ മൂന്നിടങ്ങളിൽ നിന്നും തീർത്ഥാടകർ എത്തുന്നുണ്ട്.
ഇന്ത്യയിൽ നിന്നെത്തിയ 10 ഹാജിമാർ വിവിധ കാരണങ്ങളാൽ മക്കയിലും മദീനയിലുമായി മരിച്ചിട്ടുണ്ട്. ഇതിനിടെ തീർത്ഥാടകരുടെ മുഴുവൻ വിവരങ്ങളും അടങ്ങിയ ക്യു ആർ കോഡ് ഉൾപ്പെടെയുള്ള നുസ്‌ക് കാർഡ് ഹജ്ജ് സർവീസ് കമ്പനി വഴി വിതരണം ആരംഭിച്ചു. കാർഡ് നിർബന്ധമായും ഹാജിമാർ പുറത്തിറങ്ങുമ്പോൾ കയ്യിൽ സൂക്ഷിക്കണമെന്ന് ഇന്ത്യൻ ഹജ്ജ് മിഷൻ പ്രത്യേകം നിർദ്ദേശം നൽകുന്നുണ്ട്. കാർഡില്ലാത്ത ഹാജിമാരെ ഹജ്ജ് പ്രദേശങ്ങളിലേക്ക് പ്രവേശിപ്പിക്കുകയില്ല. കാർഡുകൾ പ്രത്യേക ഉദ്യോഗസ്ഥർ ഹാജിമാരുടെ ബിൽഡിങ്ങുകളിൽ നേരിട്ടെത്തിയാണ് വിതരണം ചെയ്യുന്നത്