കൊൽക്കത്ത: സിക്കിമിൽ പ്രേം സിങ് തമാങ് തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രി പദത്തിലേക്ക്. അരുണാചൽപ്രദേശിൽ ബിജെപിയുടെ പേമ ഖണ്ഡു തന്നെ മൂന്നാം തവണ മുഖ്യമന്ത്രിയായേക്കും. സിക്കിമിൽ 32 നിയമസഭാ സീറ്റുകളിൽ 31 എണ്ണം നേടിയ സിക്കിം ക്രാന്തികാരി മോർച്ച (എസ്കെഎം) സ്ഥാപകൻ പ്രേം സിങ് തമാങ്ങിനെ നിയമസഭാ കക്ഷി നേതാവായി പുതിയ എംഎൽഎമാരുടെ യോഗം തിരഞ്ഞെടുത്തു.
കാൽനൂറ്റാണ്ടുകാലം സിക്കിം ഭരിച്ച സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിനെ (എസ്ഡിഎഫ്) അട്ടിമറിച്ച് കഴിഞ്ഞ തവണയാണ് എസ്കെഎം ആദ്യമായി അധികാരത്തിലെത്തിയത്. അധ്യാപകനായ പ്രേം സിങ് തമാങ് നേരത്തേ എസ്ഡിഎഫ് സർക്കാരിൽ 3 തവണ മന്ത്രിയായിരുന്നു. പിന്നീടാണ് സ്വന്തം പാർട്ടിയുണ്ടാക്കിയത്. അരുണാചലിൽ 2016 ൽ കോൺഗ്രസിൽനിന്ന് കൂറുമാറിയെത്തിയ പേമ ഖണ്ഡുവിലൂടെയാണ് ബിജെപി ആദ്യമായി സർക്കാർ രൂപീകരിച്ചത്. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രി ഡോർജി ഖണ്ഡുവിന്റെ മകനായ പേമ ഖണ്ഡു രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ്.