Food

അപ്പത്തിനൊപ്പം കഴിക്കാൻ തേങ്ങാപാൽ ചേർത്ത സ്പെഷ്യൽ മുട്ട കറി

മുട്ട കറി ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. രുചികരമായ മുട്ട തേങ്ങാപാൽ കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • മുട്ട – 4 എണ്ണം
  • സവാള – 2 എണ്ണം
  • തക്കാളി – 1 എണ്ണം
  • മുളക് പൊടി – അര ടേബിൾസ്പൂൺ
  • മല്ലി പൊടി – അര ടീസ്പൂൺ
  • മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
  • ഗരം മസാല – അര ടീസ്പൂൺ
  • തേങ്ങയുടെ ഒന്നാം പാൽ – ഒരു കപ്പ്
  • തേങ്ങയുടെ രണ്ടാം പാൽ – അര കപ്പ്
  • ഇഞ്ചി – കാൽ ടീസ്പൂൺ
  • വെളുത്തുള്ളി – രണ്ടെണ്ണം
  • വെളിച്ചെണ്ണ – 2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം മുട്ട പുഴുങ്ങിയെടുക്കുക. ശേഷം വെളിച്ചെണ്ണ ചട്ടിയിൽ ഒഴിച്ച് അതിൽ മുട്ട ഒന്ന് മൊരിച്ചെടുക്കണം. അതിന് ശേഷം മാറ്റിവയ്ക്കാം. ഇനി അതെ ചീനച്ചട്ടിയിൽ ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റാം. ഇനി സവാള വഴറ്റാം. മസാലകൾ ചേർക്കാം. എല്ലാം ഒന്ന് മൂപ്പിച്ച ശേഷം തക്കാളി ചേർക്കാം. വഴറ്റിയ ശേഷം മിക്സിയിൽ ഒന്ന് അരച്ചെടുക്കാം.

ഇനി ഇത് ചട്ടിയിലേക്കു ഇടാം. രണ്ടാം പാലും ചേർത്ത് കൊടുക്കാം. ഇനി മുട്ടയും ചേർക്കാം. എല്ലാം ഒന്ന് കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം. ഇനി ഒന്നാം പാലും ചേർത്ത് കൊടുക്കാം. രുചികരമായ മുട്ട തേങ്ങാപ്പാൽ കറി തയ്യാറായി.
­