Kerala

ചേലക്കരയും പാലക്കാടും ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്നോ ?

കേരളത്തിലെ രണ്ട് നിയമസഭാ മണ്ഡലങ്ങള്‍ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നോ എന്ന സംശയമാണ് ഉയരുന്നത്. വോട്ടെണ്ണല്‍ മൂന്നു മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ 33,000 വോട്ടുകള്‍ക്ക് മുമ്പിലായിരിക്കുകയാണ്. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്നുമാണ് ഷാഫിയെ വടകരയിലേക്ക് എത്തിച്ചത്.

വടകരയില്‍ നിന്നും തൃശൂരിലേക്കു പോയ കെ. മുരളീധരന്‍ ഒരു ഘട്ടത്തില്‍പ്പോലും സുരേഷ്‌ഗോപിക്ക് ഭീഷണി ഉയര്‍ത്തിയില്ലെന്നതാണ് കൗതുകം. വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മുന്‍ മന്ത്രി കെ.കെ. ശൈലജ ബഹുദൂരം പിന്നിലായിരിക്കുകയാണ്.

ഇത് പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഉപതരെഞ്ഞെടുപ്പിനുള്ള സാധ്യതാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സമാനമായ സാധ്യതയാണ് ചേലക്കര നിയമസഭാ മണ്ഡലത്തിനും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെ ആലത്തൂരിലേക്ക് മാറ്റി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമ്പോള്‍, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യമായിരുന്നു.

ഈ മണിക്കൂറുകളില്‍ രാധാകൃഷ്ണന്റെ വോട്ട് നില പരിശോധിക്കുമ്പോള്‍ ചേലക്കരയില്‍ ഒരു ഉപതെരഞ്ഞെടുപ്പു നടക്കുമോയെന്ന സാധ്യതയും തള്ളിക്കളയാനാകില്ല.

മണിക്കൂറുകളുടെ ഇടവേള കഴിയുന്നതോടെ ഇതില്‍ ഏത് മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് കാത്തിരുന്നു കാണേണ്ടതാണ്. വരുന്ന മണിക്കൂറുകള്‍ ഇത് തെളിയിക്കും. വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ലെന്നതും, ഇനിയും വിജയം മാറിമറിയുമെന്നുമാണ് പ്രതീക്ഷകള്‍.