സംസ്ഥാനത്ത് ആലത്തൂര്‍ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിന് അനുകൂലമായ തരംഗമാണ് കാണുന്നതെന്ന് വടകരയിലെ ഇടതു സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ. ആ കൂട്ടത്തില്‍ വടകരയില്‍ ഷാഫി പറമ്പില്‍ മുന്നിട്ടു നില്‍ക്കുകയാണ്. അത് തുടരാനാണ് സാധ്യതയെന്നാണ് തോന്നുന്നതെന്നും ശൈലജ പറഞ്ഞു. എന്നാല്‍ ഇനിയും കുറേ റൗണ്ട് വോട്ട് എണ്ണാനുണ്ട്. പക്ഷെ പൊതുവെ ട്രെന്‍ഡ് എന്ന നിലയില്‍ 2019ല്‍ ഉണ്ടായതുപോലെ യുഡിഎഫിന് അനുകൂലമായ പാര്‍ലമെന്റ് ഇലക്ഷനിലെ ട്രെന്‍ഡാണ് കാണുന്നത് എന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.
ജനങ്ങളോട് പറയാനുള്ളത്, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ജയപരാജയങ്ങള്‍ സ്വാഭാവികമാണ്. പക്ഷെ, അതു കഴിഞ്ഞ് സമാധാന അന്തരീക്ഷം സൃഷ്ടിക്കണം. ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ദ ഉണ്ടാക്കാനുള്ള ശ്രമം നടക്കരുതെന്നും ശൈലജ പറഞ്ഞു. വടകരയില്‍ യു.ഡി.എഫിലെ ഷാഫി പറമ്പില്‍ മുപ്പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് ലീഡു ചെയ്യുന്നത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ശൈലജ ടീച്ചര്‍ മുന്നിലെത്തിയെങ്കിലും പിന്നീട് ഷാഫി പറമ്പില്‍ ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു. വടകര പിടിച്ചെടുക്കുക ലക്ഷ്യമിട്ടാണ് സിപിഎം കെ കെ ശൈലജയെ സ്ഥാനാര്‍ത്ഥിയാക്കിയത്.