ജഗനെ കൈവിട്ട് ആന്ധ്ര; ടിഡിപി-ബിജെപി സഖ്യം സംസ്ഥാന ഭരണത്തിലേക്ക്. ലോക്‌സഭയിലും ടിഡിപി സഖ്യം

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രപ്രദേശില്‍ നടന്ന നിയമസഭ തെരഞ്ഞടുപ്പില്‍ ഭരണകക്ഷിയായ മുഖ്യമന്ത്രി ജഗ്ഗ്‌മോഹന്‍ റെഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് തോല്‍വിയിലേക്ക്. ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ മുന്നണി ഇവിടെ അധികാരം ഉറപ്പിച്ചു.

ആകെയുള്ള 175 സീറ്റുകളില്‍ 149 സീറ്റുകളിലും എന്‍ഡിഎ സഖ്യമാണ് മുന്നില്‍ ഇതില്‍ 125 സീറ്റുകളില്‍ ടിഡിപിയും 17 സീറ്റുകളില്‍ പവന്‍ കല്യാണിന്റെ ജനസേനയും ഏഴിടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു 20 സീറ്റുകളില്‍ മാത്രമാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന് ലീഡുള്ളത്. ലോക്‌സഭാ സീറ്റുകളിലും ടിഡിപി സഖ്യത്തിന്റെ മുന്നേറ്റമാണ്. ആകെയുള്ള 25 സീറ്റുകളില്‍ 16 ഇടത്ത് ടിഡിപി സഖ്യമാണ് മുന്നില്‍. നാലിടത്തു മാത്രമാണ് വൈഎസആര്‍ കോണ്‍ഗ്രസിന് മുന്നേറാന്‍ സാധിച്ചിരിക്കുന്നത്.

2019ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 151 സീറ്റുകള്‍ നേടിയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. അന്ന് ടിഡിപിക്ക് 23 സീറ്റും ജനസേനയ്ക്ക് ഒരു സീറ്റും മാത്രമാണ് നേടിയത്. ഇത്തവണ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകള്‍ ശര്‍മിളയെ പാര്‍ട്ടിയിലെത്തിച്ച് കോണ്‍ഗ്രസ് നടത്തിയ പരീക്ഷണം പാളിയെന്ന സൂചനയാണ് ഈ ഘട്ടത്തില്‍ ലഭിക്കുന്നത്. നിലവില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് ലീഡില്ല.