എന്തൊക്കെയായിരുന്നു, മലപ്പുറം കത്തി, അമ്പും വില്ലും, വാരിക്കുന്തം ഒടുവില്‍ തൃശൂര്‍ ‘അങ്ങ് എടുത്ത്’ സുരേഷ്‌ഗോപി പോയി എന്നു പറയേണ്ട അവസ്ഥയിലായി. ഇനി നമ്മള്‍ എന്തു ചെയ്യും മല്ലയ്യാ എന്നാണ് ബി.ജെ.പി ഒവികെയുള്ള മുന്നണികള്‍ പരസ്പരം ചോദിക്കുന്നത്. വോട്ടെണ്ണലിന്റെ മണിക്കൂറുകള്‍ കഴിയുമ്പോള്‍ അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് സുരേഷ്‌ഗോപി മുന്നോട്ടു വെയ്ക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃശൂരിങ്ങെടുക്കുവാ, തൃശൂര്‍ എനിക്കു വേണം, എന്നൊക്കെയായിരുന്നു സുരേഷ്‌ഗോപിയുടെ പ്രചാരണം. എല്ലാ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സുരേഷ് ഗോപി. മുന്നണികളെ ഒരുപോലെ ഞെട്ടിക്കുന്നതാണ് തൃശൂരിലെ ബിജെപിയുടെ മുന്നേറ്റം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 50,000 വോട്ടുകളുടെ ലീഡാണ് തൃശൂരുകാര്‍ സുരേഷ് ഗോപിയ്ക്ക് നല്‍കിയിരിക്കുന്നത്.
വോട്ടെണ്ണല്‍ പുരോഗമിക്കുന്നത് ഇടത് ശക്തികേന്ദ്രങ്ങളിലാണെന്നതാണ് എടുത്ത് പറയേണ്ട കാര്യം. കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന് വിശേഷിപ്പിച്ച കെ. മുരളീധരന്റെ വരവിന് ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് മറ്റൊരു കാര്യം. സംസ്ഥാന നേതൃത്വവുമായി ഒരിക്കലും സുരേഷ് ഗോപി തന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചിരുന്നില്ല.
താന്‍ കേന്ദ്ര നേതൃത്വത്തിന്റെ ചോയിസ് ആണെന്ന പ്രതീതിയുണ്ടാക്കിയാണ് സുരേഷ് ഗോപി മുന്നോട്ട് പോയത്. തൃശൂരിന് ഒരു കേന്ദ്രമന്ത്രി മോദിയുടെ ഗ്യാരണ്ടി എന്നതാണ് തിരഞ്ഞെടുപ്പ് ചുവരെഴുത്തുകളില്‍ ആദ്യം എഴുതിച്ചേര്‍ത്ത വാചകം. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് തവണയാണ് സുരേഷ്‌ഗോപിക്ക് വേണ്ടി തൃശൂരിലെത്തിയത്.
ഇതോടെ കേന്ദ്രത്തിന്റെ സ്വന്തം ആളെന്ന പ്രതീതി കൂടുതല്‍ ശക്തിപ്പെട്ടു. മകളുടെ വിവാഹത്തിനും മോദി എത്തിയതിനും രാഷ്ട്രീയ പ്രാധാന്യം കൈവന്നു. ഒരര്‍ത്ഥത്തില്‍ ദേശീയതലത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അനൗദ്യോഗിക തുടക്കം പോലും തൃശൂരില്‍ നിന്നായിരുന്നു. സ്ത്രീ ശക്തി സമ്മേളനവും സുരേഷ് ഗോപിക്ക് ഗ്രേസ് മാര്‍ക്കായി മാറി.
തന്നില്‍ സംസ്ഥാന ബി.ജെ.പിക്ക് നിയന്ത്രണം ഒന്നുമില്ലെന്നും കേന്ദ്രത്തിന്റെ സ്വന്തം ആളാണെന്നും ജനങ്ങള്‍ക്കിടയിലും പാര്‍ട്ടി അണികള്‍ക്കിടയിലും പ്രതീതി ഉണ്ടാക്കാനും സുരേഷ് ഗോപിക്കായി. ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചുകൊണ്ടു ന്യൂനപക്ഷ സമൂഹത്തിന്റെ പിന്തുണയും ഉറപ്പാക്കാന്‍ കഴിഞ്ഞു. സ്ത്രീകളുടെ പിന്തുണ നേടാനായതാണ് സുരേഷ് ഗോപിക്ക് അനുകൂലമായതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
മാത്രമല്ല, ഇരു കൈകൊണ്ടും പാവപ്പെട്ടവരെ സഹായിക്കാന്‍ സുരേഷ്‌ഗോപി കാണിച്ചിട്ടുള്ള മനസ്സും ഏറെ ശ്രദ്ധിക്കപ്പെട്ടു. പെണ്‍കുട്ടികളോട് കാണിച്ച പ്രത്യേക സ്‌നേഹം, സ്വന്തം മകളുടെ വിയോഗവുമായി ചേര്‍ത്തുവെച്ചതും വലിയ കാര്യമായാണ് എല്ലാവരും കണ്ടത്.