Kerala

സസ്‌പെന്‍സ് ത്രില്ലര്‍ ഒരുക്കി ആറ്റിങ്ങല്‍-തിരുവനന്തപുരം മണ്ഡലങ്ങള്‍; നാലാമതും തരൂര്‍, ഇഞ്ചോടിഞ്ച് പോരാടി നേടി അടൂര്‍ പ്രകാശ്

ടിസ്റ്റുകളോട് ടിസ്റ്റ്, ആവേശവും ആകാംഷയും അവസാന നിമിഷം വരെ നിലനിര്‍ത്തിയ ഒരു പക്കാ സസ്‌പെന്‍സ് ത്രില്ലറായിരുന്നു ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍. തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറും ശശി തരൂരും തമ്മിലുള്ള പോരാട്ടം രാഷട്രീയ കേരളത്തിനു പുറമെ രാജ്യവും ഉറ്റുനോക്കുന്നതായിരുന്നു. ആദ്യം മുതല്‍ വ്യക്തമായ ലീഡ് ഉയര്‍ത്തിയ രാജീവ് ചന്ദ്രശേഖറിന് അവസാന ലാപ്പില്‍ കാലിടറി. 2014 ലെ തെരഞ്ഞെടുപ്പിനു സമാനമായ ലീഡ് നിലയും ജയവുമായിരുന്നു ശശി തരൂരിന് ഇത്തവണയും ഉണ്ടായത്. അവസാന ഘട്ടം വരെ 15000 ത്തിനു മുകളില്‍ ലീഡുണ്ടായിരുന്ന രാജീവ് ചന്ദ്രശേഖര്‍ ഒടുവില്‍ ശശി തരൂരിനോട് 15000 ന് മുകളില്‍ വോട്ടിന് തോല്‍വി ഏറ്റു വാങ്ങുകയായിരുന്നു.

ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നത് ശരിക്കും ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ആയിരുന്നു. വോട്ടണ്ണലിന്റെ ആദ്യ മണിക്കൂറായ എട്ടു മണിമുതല്‍ അവസാനിച്ച അഞ്ചു മണിവരെ ലീഡ് മാറി മറിഞ്ഞ കടുത്ത പോരാട്ടമായിരുന്നു ആറ്റിങ്ങലില്‍. ഒടുവില്‍ വിജയം യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് നേടി. ആദ്യം ലീഡ് നേടിയത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ജോയിയായിരുന്നു. പിന്നീട് യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് ആയിരത്തിനടുത്തെ ലീഡുമായി രണ്ട് മണിക്കുറോളം കളം നിറഞ്ഞു നിന്നു. പിന്നീട് ഉച്ചയ്ക്ക രണ്ടു മണിയോടെ സ്ഥിതിഗതികള്‍ മാറി മറിഞ്ഞു. ഇവര്‍ക്ക് രണ്ടു പേര്‍ക്കും ഒരുപോലെ വെല്ലുവിളി ഉയര്‍ത്തി വോട്ട് പിടിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി. മുരളീധരന്‍ മിന്നും പ്രകടനം നടത്തി.

ഉച്ചയ്ക്ക് ഒന്നേകാലോടെ 25000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിന്നിരുന്ന രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് ഒറ്റയടിക്ക് പതിനായിരത്തിലേക്ക് കൂപ്പ്കുത്തി.10000 താഴെ വന്ന ലീഡ് അഞ്ച് മനിട്ടിനുള്ളില്‍ അയ്യായിരത്തിലേക്കും അതിനുശേഷം 3588 ലേക്കും കുറഞ്ഞു വന്നു. 1:25 ആയപ്പോള്‍ ശശി തരൂര്‍ 192 വോട്ടിന്റെ ലീഡ് നേടി വീണ്ടും ഞെട്ടിച്ചു. പിന്നീട് അങ്ങോട്ട് ശശി തരൂര്‍ ഒരു കുതിപ്പ് തന്നെ നടത്തുകയായിരുന്നു. ഒന്നരയോടെ 9766 വോട്ടുകളുടെ ഭൂരിപക്ഷത്തിെ ശശിതരൂര്‍ മുന്നില്‍ എത്തി. അവസാനം ഉദ്യോഗം നിറഞ്ഞ അര മണിക്കൂറാണ് കടന്നു പോയത്. അവസാനം എണ്ണാനുള്ളത് 40 ഓളം ബൂത്തുകളായിരുന്നു. അതില്‍ യുഡിഎഫിനും ശശി തരൂരിനും വിജയ പ്രതീക്ഷയുള്ള ബൂത്തുകളായിരുന്നു എല്ലാം.

ഒന്നേമുക്കാലോടെ ശശി തരൂരിന്റെ ലീഡ് 10463 ലേക്ക് കടന്നു, പിന്നീട് അങ്ങോട്ട് ഒരു കയറ്റമാണ് ലീഡില്‍ ഉണ്ടായത്. രണ്ടു മണിയോടെ ശശി തരൂരിന്റെ ലീഡ് 13,666 ലേക്ക് കടന്നു. എന്നിട്ടും പ്രതീക്ഷ കൈവിടാതെ ബിജെപി ക്യാമ്പ് പ്രതീക്ഷ കാത്തു. രണ്ടേകാലോടെ 15,235 എന്ന സേഫ് ലീഡിലേക്ക് ശശി തരൂര്‍ നീങ്ങി. ഒടുവില്‍ 16077 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ശശി തരൂര്‍ നാലാമതും തിരുവനന്തപുരത്ത് നിന്നും വിജയിച്ച് ലോക്‌സഭയിലേക്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 99,989 വോട്ടിന്റെ ഭൂരിപക്ഷമാണ് ശശി തരൂരിന് ലഭിച്ചത്. ബീമാപള്ളി, പൂന്തുറ, കരിങ്കുളം എന്നിവിടങ്ങള്‍ നിന്നുമുള്ള വോട്ടാണ് ശശി തരൂരിനെ വിജയത്തിലേക്ക് എത്തിച്ചത്. ശശി തരൂര്‍ (358155) രാജീവ് ചന്ദ്രശേഖര്‍ (342078), പനന്യന്‍ രവീന്ദ്രന്‍ (247648)

അഭ്യുഹങ്ങളും ആവേശവും നിറഞ്ഞു നില്‍ക്കുന്ന ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ആദ്യ മണിക്കൂറുകളില്‍ അടൂര്‍ പ്രകാശും തുടര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ജോയിയും മാറി മാറി മുന്നേറി കൊണ്ടിരുന്നു. ലീഡ് നില ആയിരത്തിനടുത്ത് മാത്രമാണ് മണിക്കൂറുകളോളം നിന്നത്. ഉച്ചയ്ക്ക് ഒരു മണിയോടക്കൂടി ഫലം മാറി മറിഞ്ഞു. 920 വോട്ട് ലീഡുമായി നിന്ന അടൂര്‍ പ്രകാശ് താഴെക്ക് പോയി. പിന്നീട് 502 വോട്ടോടെ വി.ജോയി ലീഡില്‍ മുന്നില്‍ വന്നു. ആ ലീഡ് പിന്നീട് 1292, 1880, 2131, എന്നിങ്ങനെ ഉയര്‍ത്തി. ഉച്ചയ്ക്ക് മൂന്ന് മണിയോടെ 1558 എന്ന ലീഡോടെ അടൂര്‍ പ്രകാശ് വീണ്ടും മുന്നില്‍ എത്തി, മിനിട്ടുകള്‍ക്കുള്ളില്‍ 794 എന്ന ലീഡിലേക്ക്. വീണ്ടും വി ജോയി 1741 വോട്ടിന്റെ ലീഡ്. തൊട്ടടുത്ത സമയം 3700, തൊട്ടുപിന്നാലെ 4317 അങ്ങനെ ലീഡ് ഉയര്‍ത്തിക്കൊണ്ട് വി ജോയി മുന്നേറി. മണിക്കൂറുകള്‍ക്ക് ശേഷം 4317 എന്ന സേഫ് സോണിലേക്ക് വി. ജോയി മാറി. നാല് മണിയോടെ ജോയിയുടെ ലീഡ് 5526ലേക്ക് കുതിച്ചു. പിന്നീട് നാലരയോടെ അടൂര്‍ പ്രകാശ് വീണ്ടും മുന്നിലെത്തി. അതോടെ വിജയത്തീരത്ത് നിന്ന എല്‍ഡിഎഫിന് പിന്നോട്ട് പോകേണ്ടി വന്നു. 846 വോട്ടോടെ അവസാന വട്ട എണ്ണലില്‍ അടൂര്‍ പ്രകാശ് മുന്നില്‍ നില്‍ന്നു. ഒടുവില്‍ അഞ്ച് മണിയോടെ അടൂര്‍ പ്രകാശ് 1708 വോട്ടോടെ വിജയം കൈവരിച്ചു. അവസാന വട്ടം എണ്ണിയ പൂവച്ചല്‍ പ്രദേശത്തെ ബൂത്തുകളാണ് അടൂര്‍ പ്രകാശിനെ പിന്തുണച്ചത്. അടൂര്‍ പ്രകാശ് (322884), വി ജോയി (321176), വി. മുരളീധരന്‍ (307133).

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അപര സ്ഥാനാര്‍ത്ഥികളായ രണ്ടു പ്രകാശുമാര്‍ നേടിയ 2502 വോട്ടുകളാണ്, നോട്ടയ്ക്കു ലഭിച്ചത് 9665 വോട്ടായിരുന്നു. ഇതും മത്സരാര്‍ത്ഥികളുടെ ജയ പരാജയത്തിന് വഴിവെച്ചു.