ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപി സഖ്യത്തിന് ക്ഷീണമുണ്ടാക്കിയെങ്കിലും കര്‍ണാടക ഇക്കുറിയും താമര കൈവിടില്ലെന്ന് പ്രതീക്ഷ. 28 ലോക്‌സഭാ മണ്ഡലങ്ങളുള്ള കര്‍ണാടക ഇത്തവണയും ബിജെപിക്ക് അനുകൂലമായാണ് വിധി. 17 സീറ്റുകളില്‍ ബിജെപി മുന്നിട്ടുനിക്കുമ്പോള്‍ 9 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സും ശക്തമായ തിരിച്ചുവരവ് നടത്തുന്നുണ്ട്. ഹസന്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ഥിയും ലൈംഗിക പീഡനക്കേസിലെ പ്രതിയുമായിരുന്ന പ്രജ്വല്‍ രേവണ്ണ പരാജയപെട്ടു . ഇത് ബിജെപി ക്ക് ക്ഷീണമായെങ്കിലും സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ‘മോദി ഗ്യാരണ്ടീ’ വിജയിച്ചവെന്നാണ് വിലയിരുത്തല്‍. ബിജെപി 2004 ല്‍ 18, 2009 ല്‍ 19, 2014 ല്‍ 17, 2019 ല്‍ 25 എന്നിങ്ങനെ സീറ്റുകള്‍ നേടിയാണ് വിജയിച്ചത്.2019 ലെ ലീഡ് എടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും കന്നഡ ദേശം ഇത്തവണയും ബിജെപിയെ കൈവിട്ടിട്ടില്ല. 2014നേക്കാള്‍ നില മെച്ചപ്പെടുത്താനായി എന്ന് കോണ്‍ഗ്രസിന് ആശ്വസിക്കാം.രണ്ടുഘട്ട തെരഞ്ഞെടുപ്പിലായി 69.9% വോട്ടുകളാണ് കര്‍ണാടക ജനത പോള്‍ ചെയ്തത്.
ജെ ഡി എസ് ദേശീയാധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച് ഡി ദേവഗൗഡയുടെ പേരകുട്ടിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെയുള്ള ലൈംഗിക പീഡനാരോപണം പ്രധാനമന്ത്രിയെയും ബിജെപി ദേശീയ നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയപ്പോള്‍ ഇന്ത്യ സഖ്യം അതിനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയമാക്കുകയും ചെയ്തിരുന്നു. ദേവഗൗഡ കുടുംബത്തിന്റെ ഉറച്ച സീറ്റ് കൂടിയാണ് ഇപ്പോള്‍ പ്രജ്വലിലൂടെ നഷ്ടമാകുന്നത്.
ജനതാദള്‍ രണ്ടു സീറ്റ് മാത്രമെ ലീഡ് ചെയ്യുന്നുള്ളു. 2023ല്‍ നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 224 സീറ്റുകളില്‍ 135 സീറ്റ് നേടി കോണ്‍ഗ്രസ്സ് പാര്‍ട്ടി അധികാരത്തില്‍ എത്തിയിരുന്നു .