ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇൻഡ്യാ മുന്നണിക്ക് ഈ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ലക്ഷ്യം മാത്രമായിരുന്നില്ലെന്നും ഭരണഘടന സംരക്ഷിക്കുന്നതിനാണ് സഖ്യം പ്രാധാന്യം നൽകിയതെന്നുമാണ് രാഹുലിന്റെ പ്രതികരണം. പത്രസമ്മേളനത്തിൽ ഭരണഘടന ഉയർത്തിക്കാട്ടാനും രാഹുൽ മറന്നില്ല.
ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം തുടരും. രഹസ്യാന്വേഷണ ഏജന്‍സികളെയടക്കം നിയന്ത്രണത്തിലാക്കിയതിനെതിരെയാണ് പോരാട്ടം നടത്തിയത്. ഭരണഘടനയെ സംരക്ഷിക്കുന്നതിനായി കൈകോര്‍ത്ത എല്ലാ പ്രവര്‍ത്തകരെയും ഇന്ത്യ സഖ്യത്തിന്റെ നേതാക്കള്‍ക്കും നന്ദി പറയുന്നു. തിരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി മോദിക്കുള്ള ശക്തമായ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.
വാഗ്ദാനങ്ങൾ പാലിക്കുമെന്നും രാഹുൽ വ്യക്തമാക്കി. മോദി പോയപ്പോൾ അദാനിയും പോയെന്നും അദാനിയുടെ സ്റ്റോക്ക് നോക്കൂവെന്നും രാഹുൽ പറഞ്ഞു.
അമേഠിയിൽ കിഷോരി ലാൽ ശർമയുടെ വിജയം രാഹുൽ പ്രത്യേകം പരാമർശിച്ചു. എല്ലാക്കാലവും സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചയാളാണ് അദ്ദേഹമെന്നും അമേഠിയുമായും അവിടുത്തെ ജനങ്ങളുമായും അദ്ദേഹത്തിനുള്ള ബന്ധം ഫലത്തിൽ പ്രതിഫലിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു എന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.
ഇന്ത്യാ മുന്നണി 230 സീറ്റിലധികം മുന്നേറിയ സാഹചര്യത്തിൽ സർക്കാർ രൂപീകരണം സംബന്ധിച്ച് നാളെ ചേരുന്ന ഇന്ത്യാ മുന്നണി യോഗത്തിൽ ചർച്ച ചെയ്യുമെന്ന് രാഹുൽ ഗാന്ധി. ഇത് സംബന്ധിച്ച് ഒരു തീരുമാനവും നിലവിൽ കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.