ന്യൂഡല്‍ഹി: ബിജെപിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷമില്ലാത്ത പശ്ചാതലത്തിൽ സർക്കാർ രൂപീകരണത്തിനുള്ള സാദ്ധ്യതകൾ തേടി ഇന്ത്യ മുന്നണി. എൻഡിഎ സഖ്യ കക്ഷികളെ അടർത്തി എടുക്കാൻ ഇന്ത്യ മുന്നണി നേതാക്കൾ നീക്കങ്ങൾ ആരംഭിച്ചു.
എന്‍ഡിഎക്ക് അകത്തും പുറത്തുമുള്ള വിവിധ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഫോണില്‍ ബന്ധപ്പെട്ടെന്നാണ് സൂചന. ബിജെപി ക്കെതിരെ നിലപാടെടുത്ത ശേഷം അവസാന ഘട്ടത്തിൽ എൻഡിഎയിൽ ചേർന്ന നിതീഷ് കുമാറിന്റെ ജെ ഡി യു, ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക ദേശം പാർട്ടി എന്നിവരെ കൂടെ കൊണ്ടുവരാനാണ് ഇന്ത്യ മുന്നണിയുടെ നീക്കം. ഇരു പാർട്ടികൾക്കും ചേർന്നു 30 നടുത്ത് സീറ്റുകളുണ്ട്.
ജെഡിയു, നവീന്‍ പട്‌നായികിന്റെ ബിജു ജനതാദള്‍, എല്‍ജെപി നേതാവ് ചിരാഗ് പസ്വാന്‍ തുടങ്ങിയവരുമായും ഖര്‍ഗെ ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം. നിലവില്‍ 543 സീറ്റില്‍ 296 സീറ്റില്‍ എന്‍ഡിഎയും 230 സീറ്റില്‍ ഇന്‍ഡ്യ സഖ്യവും 17 സീറ്റില്‍ മറ്റുള്ളവരുമാണ് മുന്നേറുന്നത്. ഈ സാഹചര്യത്തിലാണ് നേതാക്കളുമായി ഖര്‍ഗെ ബന്ധപ്പടുന്നത്.
ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അടക്കം സംസ്ഥാന ബിജെപി നേതാക്കളുമായി കടുത്ത അതൃപ്തിയുള്ള, നിതീഷ് കുമാർ കഴിഞ്ഞദിവസം ഡൽഹിയിലെത്തി പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ടിരുന്നു. പല സൂചനകൾ വ്യക്തമായ ഘട്ടത്തിൽ തന്നെ ഇന്ത്യ സഖ്യത്തിനായി ശരത് പവാർ, നിതീഷ് കുമാറിനെ വിളിച്ച് ഉപ പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്തതായി സൂചനയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അയോധ്യയിലെ രാമക്ഷേത്രം അടക്കം ഹിന്ദുത്വയും മുന്‍നിര്‍ത്തിയായിരുന്നു ബിജെപി പ്രചാരണം. 400 സീറ്റ് വരെ എന്‍ഡിഎ നേടുമെന്നും നരേന്ദ്രമോദി അടക്കമുള്ള നേതാക്കള്‍ ആത്മവിശ്വാസം പങ്കുവെച്ചിരുന്നു. എന്നാല്‍ അന്തിമഫലം പുറത്ത് വരുമ്പോള്‍ എന്‍ഡിഎക്ക് തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ എന്‍ഡിഎ ക്യാമ്പിലെ പാര്‍ട്ടികളെ പാളയത്തിലെത്തിക്കാനാണ് ഇന്‍ഡ്യ സഖ്യത്തിന്റെ നീക്കം.
നിതീഷ് കുമാറിനെ പ്രധാനമന്ത്രിയാകണമെന്ന നിർദ്ദേശം മമത ബാനർജി മുന്നോട്ടുവച്ചിട്ടുണ്ട്. ചന്ദ്രബാബു നായിഡുവുമായും ഇന്ത്യ നേതാക്കൾ ഇതിനകം ആശയവിനിമയം നടത്തിയതായാണ് വിവരം. പ്രധാനമന്ത്രി മോദിയും അമിത് ഷായും അടക്കമുള്ള നേതാക്കളും ചന്ദ്രബാബു നായിഡുവിനെ ഫോണിൽ ബന്ധപ്പെട്ടു. ചന്ദ്ര ബാബു നായിഡുവിന്റെ സൗകര്യം കൂടി പരിഗണിച്ച ശേഷം സർക്കാർ രൂപീകരണ നടപടികൾ ഉണ്ടാകൂ എന്ന് ബിജെപി നേതാക്കൾ അറിയിച്ചു.