ന്യൂഡല്‍ഹി: കർഷക പ്രക്ഷോഭം ശക്തമായ പഞ്ചാബിൽ നിലം തൊടാനാകാതെ ബിജെപി. 2019ൽ രണ്ടു സീറ്റു നേടിയ ബി.ജെ.പിക്ക് ഇത്തവണ സംസ്ഥാനത്ത് ഒരു സീറ്റ് പോലും ഇല്ലാത്ത അവസ്ഥയാണ്. ഏഴിടത്ത് കോൺഗ്രസും മൂന്നിടത്ത് എ.എ.പിയും ഒരിടത്ത് അകാലിദളും മുന്നേറുന്ന കാഴ്ചയാണ് പഞ്ചാബിലുള്ളത്. ശേഷിക്കുന്ന രണ്ട് സീറ്റുകൾ സ്വതന്ത്രർ സ്വന്തമാക്കുമെന്നും ഏതാണ്ട് ഉറപ്പായി.
അമൃത്‌സർ (ഗുർജിത് സിങ് ഓജ്‌ല), ഫത്തേഗഡ് സാഹിബ് (അമർ സിങ്), ഫിറോസ്പുർ (ഷേർ സിങ് ഗുബായ), ഗുർദാസ്പുർ (സുഖ്ജിന്ദർ സിങ് രൺധാവ), ജലന്ധർ (ചരൺജിത് സിങ് ഛന്നി), ലുധിയാന (അമരിന്ദർ സിങ് രാജ), പട്യാല (ഡോ. ധരംവീർ ഗാന്ധി) എന്നിവിടങ്ങളാണ് കോൺഗ്രസ് മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചത്. അനന്ദ്പുർ സാഹിബ്, ഹോഷിയാർപുർ, സംഗ്രുർ മണ്ഡലങ്ങളിൽ ആംആദ്മി മുന്നേറുന്നു.
ബത്തിൻഡയിൽ അകാലിദളിന്‍റെ ഹർസിമ്രത് കൗർ ബാദൽ വൻ ഭൂരിപക്ഷവുമായി മുന്നേറുകയാണ്. ഫരീദ്കോട്ടിൽ സ്വതന്ത്ര സ്ഥാനാർഥി സരബ്ജീത് സിങ് ഖൽസ ഏതാണ്ട് വിജയമുറപ്പിച്ചിട്ടുണ്ട്. ഖഡൂർ സാഹിബിൽ സ്വതന്ത്രമായി മത്സരിച്ച സിഖ് വിഘടനവാദി അമൃത്പാൽ സിങ് ഒന്നരലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷവുമായി മുന്നേറുന്നുണ്ട്. അസമിലെ ജയിലിൽ കഴിയുന്ന അമൃത്പാൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
കർഷക സമരം നടക്കുന്ന പട്യാലയിൽ ബിജെപി സ്ഥാനാർത്ഥി മൂന്നാമതാണ്. അമരീന്ദർ സിംഗിന്റെ ഭാര്യയും സിറ്റിംഗ് എംപിയുമായ പ്രണീത് കൗർ മൂന്നാം സ്ഥാനത്താണ്. കോൺഗ്രസ് സ്ഥാനാർത്ഥി ധരംവീര ഗാന്ധി 7651 വോട്ടിന് ലീഡ് ചെയ്യുന്നു. കോൺഗ്രസ് ടിക്കറ്റിലാണ് കഴിഞ്ഞ തവണ പ്രണീത് കൗർ ഇവിടെ വിജയിച്ചിരുന്നത്.
പഞ്ചാബിലെ കർഷക സമരമാണ് ബിജെപിക്ക് വലിയ തിരിച്ചടിയായത്. ബിജെപിക്കെതിരെ വലിയ പ്രതിഷേധമാണ് കർഷക സംഘടനകൾ തെരഞ്ഞെടുപ്പ് വേളയിലും ഉയർത്തിയത്. സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗത്തിന്റെ നേതൃത്വത്തിൽ ബിജെപി സ്ഥാനാർത്ഥികളുടെ വീടിന് മുന്നിൽ പന്തൽ കെട്ടി സമരം പോലും നടന്നിരുന്നു. പഞ്ചാബിലെ അതിർത്തിയിൽ സമരം ചെയ്യുകയായിരുന്ന കർഷകർ ഒരു ഘട്ടത്തിൽ ഉപരോധസമരം ബിജെപി നേതാക്കളുടെ വീടിന് മുന്നിലേക്ക് മാറ്റുകയായിരുന്നു. കർഷക പ്രക്ഷോഭത്തെ ഒരു ഘട്ടത്തിലും നേരിടാൻ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. കർഷകരുടെ ഈ അതൃപ്തിയാണ് ബിജെപിക്ക് വോട്ടെടുപ്പിലും തിരിച്ചടിയായത്.