India

വാരണാസിയില്‍ മോദിയുടെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്; റാ​യ്ബ​റേ​ലി​യി​ൽ കുതിച്ചുയര്‍ന്ന് രാഹുല്‍

ല​ക്നോ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​പി​യി​ൽ ജ​ന​വി​ധി തേ​ടി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്. 2014 ല്‍ അരവിന്ദ് കെജ്രിവാളിനെ മൂന്നര ലക്ഷം വോട്ടുകള്‍ക്കും 2019 ല്‍ സമാജ്വാദി പാര്‍ട്ടിയുടെ ശാലിനി യാദവിനെ 4,79,000 വോട്ടുകള്‍ക്കുമാണ് മോദി പരാജയപ്പെടുത്തിയത്. ഇക്കുറി അത് അഞ്ച് ലക്ഷമായി ഉയര്‍ത്താമെന്ന പ്രധാനമന്ത്രിയുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. മണ്ഡലത്തില്‍ മോദിയുടെ ഭൂരിപക്ഷം ഇക്കുറി ഒന്നര ലക്ഷമായി കുറഞ്ഞു.

മോ​ദി​ക്ക് ശ​ക്ത​മാ​യ വെ​ല്ലു​വി​ളി​യാ​ണ് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി അ​ജ​യ് റാ​യ് ഉ​യ​ർ​ത്തി​യ​ത്. ഒ​രു ഘ​ട്ട​ത്തി​ൽ പ​തി​നാ​യി​രം വോ​ട്ടു​ക​ൾ​ക്ക് ന​രേ​ന്ദ്ര മോ​ദി പി​ന്നി​ൽ പോ​യി​രു​ന്നു. അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടു​ക​ൾ​ക്ക് വി​ജ​യി​ക്കും എ​ന്ന ബി​ജെ​പി​യു​ടെ പ്ര​തീ​ക്ഷ​ക​ളാ​ണ് തെ​റ്റി​യ​ത്.

അ​തേ​സ​മ​യം റാ​യ്ബ​റേ​ലി​യി​ൽ​നി​ന്നും ജ​ന​വി​ധി​തേ​ടി​യ രാ​ഹു​ൽ ഗാ​ന്ധി നാ​ല് ല​ക്ഷ​ത്തി​ന​ടു​ത്ത് വോ​ട്ടു​ക​ൾ​ക്കാ​ണ് വി​ജ​യി​ച്ച​ത്. ബി​ജെ​പി​യു​ടെ ദി​നേ​ഷ് പ്ര​താ​പ് സിം​ഗാ​ണ് ര​ണ്ടാ​മ​തെ​ത്തി​യ​ത്. വ​യ​നാ​ട്ടി​ലും വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് രാ​ഹു​ൽ വി​ജ​യി​ച്ച​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ക​ഴി​ഞ്ഞ ത​വ​ണ റാ​യ്ബ​റേ​ലി​യി​ൽ മാ​ത്രം വി​ജ​യി​ച്ച കോ​ണ്‍​ഗ്ര​സ് ഇ​ത്ത​വ​ണ ആ​റ് സീ​റ്റു​ക​ളി​ലാ​ണ് മു​ന്നേ​റു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ രാ​ഹു​ൽ പ​രാ​ജ​പ്പെ​ട്ട അ​മേ​ഠി സീ​റ്റും ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സ് തി​രി​ച്ചു​പി​ടി​ച്ചു. അമേഠി മണ്ഡലത്തില്‍ മുന്‍ കേന്ദ്രമന്ദ്രി സ്മൃതി ഇറാനി ഒരു ലക്ഷത്തിലെറെ വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്‍റെ കിഷോരി ലാലിനോട് പരാജയപ്പെട്ടത്. ബി.ജെ.പി യുടെ വലിയ പ്രതീക്ഷയായ ഉത്തര്‍പ്രദേശില്‍ അപ്രതീക്ഷിത മുന്നേറ്റമാണ് ഇന്‍ഡ്യാ സഖ്യം നടത്തുന്നത്.