India

മൂന്നാംതവണയും എൻ.ഡി.എയിൽ വിശ്വാസമർപ്പിച്ചു, ഈ സ്നേഹത്തിന് ജനങ്ങൾക്ക് മുന്നിൽ വണങ്ങുന്നു: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: എന്‍.ഡി.എയ്ക്ക് മൂന്നാം തവണയും വിജയം സമ്മാനിച്ചതിന് ജനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടര്‍ച്ചയായ മൂന്നാം തവണയും ജനം എന്‍ഡിഎയില്‍ വിശ്വാസമര്‍പ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന നേട്ടമാണിത്. ഈ സ്നേഹത്തിന് ഞാൻ ഭൂരിഭാഗം വരുന്ന ജനങ്ങൾക്ക് മുന്നിൽ വണങ്ങുന്നു. – നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.

“ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാനായി കഴിഞ്ഞ ദശകത്തിൽ ചെയ്ത നല്ല പ്രവർത്തനങ്ങൾ തുടരുമെന്ന് ഉറപ്പ് നൽകുകയാണ്. കഠിനാധ്വാനം ചെയ്ത എല്ലാ പ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നു. അവരുടെ അസാധാരണമായ പരി​​ശ്രമങ്ങൾക്ക് വാക്കുകൾ ഒരിക്കലും നീതി പുലർത്തില്ല” – അദ്ദേഹം എക്സിൽ കുറിച്ചു. ആന്ധ്രാ ​പ്രദേശിലെയും ഒഡിഷയിലെയും നിയമസഭാ​ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ വിജയിപ്പിച്ച ജനങ്ങളോട് അദ്ദേഹം നന്ദി പറയുകയും​ ചെയ്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാരണാസി മണ്ഡലത്തില്‍നിന്ന് പ്രധാനമന്ത്രി മോദി ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു. എന്നാല്‍ ഇന്ത്യ സഖ്യം വന്‍ മുന്നേറ്റമാണ് ഇത്തവണ നടത്തിയത്. 291 സീറ്റാണ് ഇത്തവണ എൻ.ഡി.എ നേടിയത്. 204 സീറ്റാണ് ബി.ജെ.പിക്ക്. വീണ്ടും സർക്കാർ രൂപീകരിക്കാനുള്ള ​ശ്രമങ്ങൾ ബി.ജെ.പി ആരംഭിച്ചിട്ടുണ്ട്.