ധീരദേശാഭിമാനികൾ ജീവൻ നൽകി നേടിയ നമ്മുടെ സ്വാതന്ത്ര്യത്തെയും തലമുറകൾ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച മതേതരത്വത്തെയും സംരക്ഷിക്കുമെന്നുറപ്പിച്ച ജനകോടികളുടെ സംഘപരിവാർ ഫാസിസത്തിനെതിരായ മുന്നേറ്റമാണ് പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വെളിവായതെന്ന് ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ടി. മനോജ് കുമാർ പറഞ്ഞു. കേന്ദ്ര സർക്കാർ നടത്തിയ അധികാര ദുർ വിനിയോഗത്തെയും വർഗീയതയുടെ പ്രയോഗത്തെയും അതി ജീവിച്ചു കൊണ്ട് ഇന്ത്യയിലെ പ്രതിപക്ഷം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് പോരാട്ടം ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. രാജ്യത്തെ രക്ഷിക്കാനുള്ള വലിയ പോരാട്ടങ്ങൾക്ക് വേണ്ടിയുള്ള ഊർജവും വലിയ നേട്ടങ്ങൾ വരും നാളുകളിൽ കൈവരിക്കാമെന്ന ആത്മ വിശ്വാസവും ഈ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യ മുന്നണിക്ക് നൽകി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇടതുപക്ഷ ആശയങ്ങളും ജനാധിപത്യ മൂല്യങ്ങളും വേണ്ടെന്നു വെച്ച കേരളത്തിലെ സി. പി. എം. നേതൃത്വം നൽകുന്ന മുന്നണിയെ സംസ്ഥാനത്തിലെ ജനങ്ങളും വേണ്ടെന്നു വെച്ചു എന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. കേരളത്തിലെ യു. ഡി. എഫിന് ചരിത്ര വിജയം സമ്മാനിച്ച വോട്ടർമാരോട് അദ്ദേഹം നന്ദി അറിയിച്ചു.