India

തെലങ്കാനയിൽ ഇഞ്ചോടിഞ്ച്; എട്ട് സീറ്റിൽ ബിജെപി, എഴിടത്ത് കോൺഗ്രസ്

ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ തെലങ്കാനയിൽ എട്ടിടത്ത് ബിജെപി വിജയിച്ചു. 17 ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ഏഴ് സീറ്റിൽ കോൺഗ്രസും വിജയിച്ചു. ഒരിടത്ത് പാർട്ടി ലീഡ് ചെയ്യുകയാണ്.

ആദിലാബാദ്, കരീം നഗർ, നിസമാബാദ്, മേഡക്, മാൽകാഗിരി, സെക്കന്തരാബാദ്, ചെവെല്ല, മഹ്ബൂബ്‌നഗർ എന്നീ സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. പെഡ്ഡപ്പള്ളി, സാഹിറാബാദ്, നാഗർകുർണൂർ, നാൽഗോണ്ട, ഭോൻഗിർ, വാറംഗൽ, ഖമ്മം എന്നിവിടങ്ങളിൽ കോൺഗ്രസും വിജയിച്ചു. മഹ്ബൂബാബാദിൽ കോൺഗ്രസ് ലീഡ് ചെയ്യുകയാണ്.

ഹൈദരാബാദ് സീറ്റിൽ ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ തലവൻ അസദുദ്ദീൻ ഉവൈസിയും വിജയിച്ചു. 338087 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ബിജെപിയുടെ മാധവി ലത കൊമ്പെല്ലയെ അദ്ദേഹം തോൽപ്പിച്ചത്.

ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്രസമിതി കനത്ത തിരിച്ചടിയാണ് ഇവിടെ നേരിട്ടത്. ഒരു സീറ്റിൽ പോലും ബി.ആർ.എസിന് നേട്ടമുണ്ടാക്കാനായില്ല.