കേരള നോളജ് ഇക്കോണമി മിഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കെ- ഡിസ്ക് ന്റെ നേതൃത്വത്തിൽ എംപ്ലോയേർസ് കോൺക്ലേവ് സംഘടിപ്പിക്കുന്നു. വിവിധ ആർടിഡി റിക്രൂട്ട് ട്രെയിൻ ഡിപ്ലോയ് പ്രോഗ്രാമുകൾ മുന്നോട്ട് വെച്ച്, കെ- ഡിസ്കുമായി സഹകരിക്കാൻ പ്രതിജ്ഞാബദ്ധരായ വിവിധ ഏജൻസികളുമായി ഔപചാരികമായ കരാറുകളിൽ ഏർപ്പെടുന്നതിനായാണു ഈ കോൺക്ലേവ് സംഘടിപ്പിക്കുന്നത്.
ജൂൺ അഞ്ചിന് ഉച്ചയ്ക്ക് 12ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ നടക്കുന്ന കോൺക്ലേവ്, മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 50- ലധികം പ്രമുഖ തൊഴിലുടമകളും ജോബ് അഗ്രഗേറ്റർമാരും കോൺക്ലേവിൽ പങ്കെടുക്കും. LinkedIn, Coursera എന്നീ മുൻ നിര ഓൺലൈൻ ദാതാക്കളും ചടങ്ങിൽ പങ്കെടുക്കും.
റിക്രൂട്ട്, ട്രെയിൻ, ഡിപ്ലോയ് (ആർടിഡി) മോഡലിന് തൊഴിലന്വേഷകരുടെയും തൊഴിൽ ദാതാക്കളുടേയുമിടയിൽ വലിയ സ്വീകാര്യതയുണ്ടെന്നാണ് കെ.കെ.ഇ.എം ന്റെ മുൻകാല അനുഭവങ്ങൾ സൂചിപ്പിക്കുന്നത്. ഈ മോഡലിൽ തൊഴിലന്വേഷകർക്ക് തൊഴിൽ സുരക്ഷിതത്വവും ഉറപ്പും ഉണ്ടാകുമെന്ന ബോധ്യത്തോടെ, ഉപാധികളോടെയുള്ള ഓഫർ ലെറ്ററുകൾ മുൻകൂറായി ലഭ്യമാക്കാൻ സാധിക്കുന്നു എന്നുള്ളതാണ് ഒരു പ്രത്യേകത. തൊഴിൽ മേഖലയുടെ മാറുന്ന തൊഴിൽ രീതിക്കു അനുസൃതമായി തൊഴിലന്വേഷകരെ തയ്യാറാക്കാനുള്ള അവസരം, നൈപുണ്യ പരിശീലനവുമായി സംയോജിപ്പിച്ചിരിക്കുന്ന ഈ മാതൃകയിലൂടെ ലഭ്യമാകും. ആർടിഡി മോഡലിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ്, വ്യവസായ സ്ഥാപനങ്ങളുമായും മറ്റ് പങ്കാളികളുമായും വിപുലമായ ചർച്ചകളിൽ ഏർപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ കോൺക്ലേവ് സംഘടിപ്പിക്കുന്നത്.
















