India

മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസിൽ ജൂലൈ മൂന്നിനകം അന്തിമ കുറ്റപത്രം സമർപ്പിക്കാൻ ഇ.ഡിയോടും സി.ബി.ഐയോടും കോടതി നിർദേശിച്ചു. ഇതിനുശേഷം മാത്രമേ ജാമ്യ ഹരജി പരി​ഗണിക്കുകയുള്ളൂയെന്നു കോടതി അറിയിച്ചു.

15 മാസമായി സിസോദിയ കസ്റ്റഡിയിലാണെന്നും കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ലെന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയെങ്കിലും ജാമ്യം ഇപ്പോൾ പരി​ഗണിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

നേരത്തെ, സിസോ​ദിയയുടെ ജാമ്യ ഹരജി ഡൽഹി ഹൈകോടതിയും തള്ളിയിരുന്നു. അഴിമതി നടന്നതായി അന്വേഷണ സംഘം പറയുന്ന കാലയളവിൽ, ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയ അധികാര ദുർവിനിയോ​ഗം നടത്തിയിട്ടുണ്ടാകാമെന്ന് ഹൈകോടതി നിരീക്ഷിച്ചു. ജാമ്യം നൽകിയാൽ സാക്ഷികളെ ഉൾപ്പെടെ സ്വാധീനിക്കാമെന്ന ഇ.ഡി വാദവും കോടതി അം​ഗീകരിച്ചു.