India

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ജഗൻ മോഹൻ റെഡ്ഡി

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ജഗൻ മോഹൻ റെഡ്ഡി. രാജിക്കത്ത് ഗവർണർ എസ്. അബ്‌ദുൾ നസീറിന് അയച്ചതായി വൈഎസ്ആർ കോൺഗ്രസ് പാർട്ടി അറിയിച്ചു.

ചന്ദ്രബാബു നായിഡുവിൻ്റെ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) വൻ വിജയം നേടിയതോടെ ജഗൻ മോഹൻ റെഡ്ഡി യുഗത്തിന് അന്ത്യമായിരിക്കുന്നു. പാർട്ടിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്ന് ജഗൻ റെഡ്ഡി പറഞ്ഞു.

കോടിക്കണക്കിന് ആളുകൾക്ക് പ്രയോജനം ചെയ്യുന്ന നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കിയിട്ടും വൈഎസ്ആർ കോൺഗ്രസ് പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു. പരാജയം അംഗീകരിച്ച ജഗൻ മോഹൻ റെഡ്ഡി ധൈര്യത്തോടെ വീണ്ടും ഉയിർത്തെഴുന്നേൽക്കുമെന്ന് പ്രതിജ്ഞയെടുത്തു. പുതിയ സർക്കാരിന് ആശംസകൾ നേർന്ന റെഡ്ഡി തൻ്റെ പാർട്ടി ജനങ്ങൾക്ക് വേണ്ടി പോരാടുന്നത് തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ജഗന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ തീരുമാനിച്ച് ഒരുക്കങ്ങള്‍ നടത്തിയ അതേ ദിവസം തന്നെ സത്യപ്രതിജ്ഞ ചെയ്യാനാണ് ടിഡിപിയുടെ നീക്കം. ജൂണ്‍ ഒമ്പതിന് ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ടിഡിപി അറിയിച്ചിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലവും വ്യത്യസ്തമല്ല. 25 ലോക്‌സഭാ മണ്ഡലങ്ങളാണ് ആന്ധ്രയിലുള്ളത്. ഇതില്‍ വെറും നാല് മണ്ഡലങ്ങളില്‍ മാത്രമാണ് ജഗന്റെ പാര്‍ട്ടിക്ക് മുന്നേറാന്‍ കഴിഞ്ഞത്. ടിഡിപിയുടെ സഖ്യകക്ഷികളായ ബിജെപി മൂന്നിടത്ത് മുന്നേറിയപ്പോള്‍ ജനസേന രണ്ടിടത്ത് മുന്നിലാണ്. ടിഡിപിക്ക് 16 സീറ്റിലാണ് മേല്‍ക്കൈ നേടാനായത്.