ടെൽ അവീവ്: ഹമാസ് ബന്ദികളാക്കിയ മൂന്നിലൊന്നിലേറെ പേരും കനത്ത വ്യോമാക്രമണങ്ങളിലും മറ്റുമായി കൊല്ലപ്പെട്ടിട്ടും ഗസ്സയിൽ വെടിനിർത്തലിനില്ലെന്ന കടുത്ത നിലപാടിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.
രാജ്യത്തിനകത്തും പുറത്തും കനത്ത സമ്മർദം ഉയർന്നിട്ടും ഹമാസിനെ ഉന്മൂലനം ചെയ്യുകയാണ് ലക്ഷ്യമെന്നും ശാശ്വതമായി വെടിനിർത്തില്ലെന്നുമാണ് നെതന്യാഹു കഴിഞ്ഞ ദിവസവും പ്രഖ്യാപിച്ചിരിക്കുന്നത്. 250ഓളം പേരെയാണ് ഒക്ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയിരുന്നത്. ഇതിൽ നിരവധി പേരെ താൽക്കാലിക വെടിനിർത്തലിനിടെ വിട്ടയച്ചെങ്കിലും 120ഓളം പേർ ഹമാസ് പിടിയിൽ തന്നെ തുടരുകയാണ്. ഇവരിൽ 43 പേർ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരണം.