വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് മട്ടൻ കുറുമ. രുചികരമായ മട്ടൻ കുറുമ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- മട്ടൻ – അരകിലോ
- ഇഞ്ചി – ഒരു ടേബിൾസ്പൂൺ(കൊത്തി അരിഞ്ഞത്)
- വെളുത്തുള്ളി – ഒരു ടേബിൾസ്പൂൺ
- സവാള – 3 എണ്ണം
- മല്ലിപൊടി – ഒരു ടേബിൾസ്പൂൺ
- ഗരം മസാല – അര ടേബിൾസ്പൂൺ
- തക്കാളി – 2 എണ്ണം
- മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
- വെളിച്ചെണ്ണ – ആവശ്യത്തിന്
- വിനാഗിരി – അര ടീസ്പൂൺ
- തേങ്ങാപാൽ – അര കപ്പ്
- ഉരുളക്കിഴങ്ങ് – രണ്ടെണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം കുക്കർ ചൂടാക്കുക. ഇനി വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. ശേഷം ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിക്കാം. ഇനി സവാള ചേർത്ത് കൊടുക്കാം. സവാള നന്നായി വഴണ്ട് വരുമ്പോൾ മസാലകൾ എല്ലാം ചേർത്ത് കൊടുക്കണം. മണം വരുമ്പോൾ തക്കാളി ചേർത്ത് കൊടുക്കാം. ഇനി നന്നായി വഴറ്റി എടുക്കുക. എല്ലാം നന്നായി വെന്തു ഉടഞ്ഞു ചേർന്ന് കഴിഞ്ഞാൽ മട്ടൻ ചേർത്ത് കൊടുക്കാം. അര കപ്പ് വെള്ളവും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി കുക്കർ മൂടി വച്ച് വേവിക്കാം. ഒരു വിസിൽ കേട്ടു കഴിയുമ്പോൾ തീ കുറച്ച് വയ്ക്കാം. രണ്ട് മൂന്ന് വിസിൽ വരെ വേവിക്കാം.
ഇനി കുക്കർ തുറന്നു ഉരുളക്കിഴങ്ങ് കൂടി ചേർത്ത് ഒന്നൂടെ അടച്ച് വച്ച് വേവിക്കാം. വിസിൽ കേട്ടു കഴിയുമ്പോൾ തീ ഓഫ് ചെയ്യാം. അവസാനം തേങ്ങാ പാൽ കൂടി ഒഴിച്ച് ഇളക്കി എടുക്കാം.