Kerala

അമ്പാനേ!! വീമ്പടി മാത്രം മിച്ചം: കൊമ്പുകുത്തിച്ചവന്റെ വമ്പാണ് പ്രധാനം; തോറ്റമ്പികള്‍ ഇനി എന്തു ചെയ്യും; മത്സരിച്ചത് പിണറായിയും സതീശനും തമ്മിലോ ?

ക്യാപ്‌സ്യൂളുകള്‍ പാര്‍ട്ടി ഫാക്ടറികളില്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ. വീണ്ടും കനലും തരിയും മാത്രമാണെന്നും കെട്ടിട്ടില്ലെന്നും ഒക്കെയുള്ള ചെറുതും വലുതുമായ ക്യാപ്‌സ്യൂളുകള്‍ വിപണിയില്‍ ഇറക്കാനിരിക്കുന്നതേയുള്ളൂ. ഇത് പിണറാൈയി വിജയന്‍ വേഴ്‌സസ്സ് വി.ഡി. സതീശന്‍ കളിയായിരുന്നു. ആരാണ് വമ്പനെന്നും, ആരാണ് കൊമ്പനെന്നും അറിയാനുള്ള കളി. ആ കളിയില്‍ കൊമ്പുകുത്തി വീണിരിക്കുന്നത്, മുഖ്യമന്ത്രി പിണറായി വിജയന്റെ ടീമാണ്.

ഭരണ വിരുദ്ധ വികാരം എന്നത് വെറുമൊരു ഗിമ്മിക്കല്ലെന്ന് തെളിഞ്ഞിരിക്കുന്നു. മലയാളികളെ അപ്പാടെ രക്ഷിക്കാനെന്ന വേഷമിട്ട ചെന്നായ്ക്കളെപ്പോലെ തക്കം കിട്ടുമ്പോഴൊക്കെ ആക്രമിക്കുന്ന ശൈലിയില്‍ ആയിരുന്നു ഭരണം മുന്നേറിയത്. പ്രളയവും. നിപ്പയും, ഓഖിയും പോലൊരു ദുരന്തം. ഒടുവില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആസനത്തിലും ആപ്പടിക്കാന്‍ തീരുമാനിച്ചതു വരെ എന്ത് ജനോപകാരപ്രദമായ കാര്യങ്ങളാണ് പിണറായി സര്‍ക്കാര്‍ ചെയ്തതെന്ന് നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നതിന്റെ പ്രതിഫലനമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്.

കേന്ദ്രത്തില്‍ നരേന്ദ്രമോദിക്ക് എതിരായി സംസാരിക്കുന്നത്, രാഹുല്‍ഗാന്ധിയെന്നതു പോലെ കേരളത്തില്‍ പിണറായി വിജയന് എതിരായി സംസാരിക്കുന്നത് വി.ഡി. സതീശനെന്ന പയ്യനാണ്. ഇതാണ് രണ്ടു കാഴ്ചപ്പാടുകളും. രാഷ്ട്രീയ ശിശുക്കളെപ്പോലെയാണ് ഭരണാധികാരികള്‍ ഇവരെ കണ്ടതും. എന്നാല്‍, കേന്ദ്രത്തിനെതിരേ രാഹുല്‍ഗാന്ധി നടത്തിയ ഭാരത് ജോഡോയാത്രയും, സംസ്ഥാന ഭരണത്തിനെതിരേ സതീശന്‍ നടത്തിയ തെരഞ്ഞെടുപ്പ് രാഷ്ട്രീയ നീക്കങ്ങളും വിജയം കണ്ടപ്പോള്‍, ഒരു കാര്യം ഉറപ്പായി ഇരുവരുടെയും കൈയ്യില്‍ ശത്രുവിനെതിരേ പോരാടാനുള്ള ശക്തമായ ആയുധം ഉണ്ടെന്ന്.

അതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ തെളിഞ്ഞു കണ്ടത്. സിപിഎമ്മിന് തുടര്‍ച്ചയായ രണ്ടാമത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ദയനീയ പരാജയം നേരിടാനുണ്ടായ കാരണങ്ങളെ കുറിച്ചുള്ള താത്വികമായ വിശകലനം ഉടന്‍ ഉണ്ടാകും. കേരളത്തില്‍ 20 സീറ്റില്‍ ഒരിടത്തുമാത്രം ജയിക്കാനുള്ള ആര്‍ജവമേ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിക്കും അതിനെ നയിക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തിനും ഉള്ളൂവെന്ന് തെളിയിച്ചിരിക്കുന്നത് ഇത് രണ്ടാമത്തെ തവണയാണ്. പിണറായി വിജയന്‍ നയിച്ചതും തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കിയതും കേരളത്തില്‍ മാത്രമായിരുന്നു.

ആ കേരളത്തില്‍ നേടിയത് കനത്ത തോല്‍വിയും. മറുവശത്ത് കോണ്‍ഗ്രസിനെ നയിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും. വി.ഡി. സതീശന്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകളെ മുന്നില്‍ നിന്ന് നയിക്കാന്‍ തുടങ്ങിയിട്ട് ഇതുവരെയും പിണറായിക്ക് സതീശനോട് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ചരിത്രം ലോക്‌സഭയിലും ആവര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്. നോക്കൂ, വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായ ശേഷം നടന്ന തൃക്കാക്കര, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുകള്‍ക്ക് പുറമെയാണ് ലോക്‌സഭയിലും യു.ഡി.എഫിന് മിന്നുന്ന ജയം നേടാനായിരിക്കുന്നത്.

തുടര്‍ഭരണം കിട്ടി ചരിത്രം രചിച്ച പിണറായിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേതൃത്വം കൊടുത്ത തെരഞ്ഞെടുപ്പില്‍ വി.ഡി സതീശന്‍ താരമായിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അജണ്ട നിശ്ചയിച്ചത് സതീശന്‍ ആയിരുന്നു. അതിന്റെ പുറകെ പോകാനായിരുന്നു പിണറായിയുടെ വിധി. കൃത്യമായ ഇലക്ഷന്‍ മാനേജ്‌മെന്റായിരുന്നു സതീശന്റേത്. തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറുമായുള്ള ഇ.പി ജയരാജന്റെ ബിസിനസ് ബാന്ധവം സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ ആരോപണം എല്‍.ഡി.എഫിനെ മാത്രമല്ല ബി.ജെ.പിയെയും പ്രതിസന്ധിയിലാക്കി.

ഇതിനു പിന്നാലെ എല്‍.ഡി.എഫിനെയും ബി.ജെ.പിയെയും ഒരു പോലെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളാണ് യു.ഡി.എഫ് ക്യാമ്പില്‍ നിന്നും തൊടുത്തുവിട്ടത്. പിണറായി വിജയന്‍ സംഘപരിവാര്‍ അവിശുദ്ധ ബാന്ധവവും പ്രതിപക്ഷ നേതാവ് തുറന്നു കാട്ടി. കരുവന്നൂര്‍ തട്ടിപ്പിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തൃശൂര്‍ മണ്ഡലത്തില്‍ ബി.ജെ.പിക്ക് സി.പി.എം വോട്ട് മറിക്കാമെന്ന ഉറപ്പില്‍ ഒത്തുതീര്‍പ്പാക്കിയെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിനെ ഒക്കത്തിരുത്തിയാണ് പിണറായി വിജയന്‍ സംഘപരിവാര്‍ വിരുദ്ധത പറയുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപവും എല്‍.ഡി.എഫിന്റെ മോദി വിരുദ്ധ പ്രചരണത്തിന്റെ മുനയൊടിക്കുന്നതായിരുന്നു. അങ്ങനെ ഇടതടവില്ലാതെ ആരോപണങ്ങളുടെ ശരശയ്യയില്‍ കിടക്കേണ്ടി വരികയായിരുന്നു കേരളത്തിലെ ഇടതുപക്ഷത്തിന്. തൃശൂരില്‍ സുരേഷ്‌ഗോപിയുടെ വിജയവുമായി ബന്ധപ്പെട്ടുള്ള കണക്കെടുപ്പ് സി.പി.ഐ തുടങ്ങാന്‍ പോകുന്നതേയുള്ളൂ.

തിരുവനന്തപുരത്തെ സി.പി.എം വോട്ടുകള്‍ എങ്ങോട്ടു പോയെന്ന ചോദ്യവും സി.പി.ഐ ഉന്നയിക്കും. ഇതിനെല്ലാം മറുപടി പറയേണ്ടി വരുന്നത്, പിണറായി വിജയനെന്ന സി.പി.എം നേതാവായിരിക്കുമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. എന്നാല്‍, ആരാണ് പിണറായിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ തയ്യാറാകുന്നതെന്ന സംശയം ഇനിയും തീര്‍ന്നിട്ടില്ല.