യാംബു : കഴിഞ്ഞ 20 വർഷത്തിനിടെ സൗദിയിൽ ഏറ്റവും കുറഞ്ഞ തോതിൽ പൊടിക്കാറ്റ് ഉണ്ടായത് കഴിഞ്ഞ മാസമാണെന്ന് റിപ്പോർട്ട്. 2004 നും 2024 നും ഇടയിലുള്ള കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ മാസം ഈ നേട്ടം കൈവരിക്കാൻ സാധിച്ചത് പൊടിക്കാറ്റും മണൽ കാറ്റും ചെറുക്കാനും അവയുടെ പ്രത്യാഘാതങ്ങൾ കുറക്കാനും സൗദി നടത്തിയ നല്ല ശ്രമങ്ങളുടെ ഫലമാണെന്ന് അധികൃതർ വ്യക്തമാക്കി.
സൗദി അറേബ്യയിൽ പൊടി, മണൽ കാറ്റുകളുടെ നിരക്കിൽ കഴിഞ്ഞ മാസത്തിൽ 80 ശതമാനം കുറവ് രേഖപ്പെടുത്തി. മണൽ-പൊടി, കൊടുങ്കാറ്റ് എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകുന്ന ദേശീയ കാലാവസ്ഥ കേന്ദ്രത്തിൽനിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ 20 വർഷത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. മധ്യ, കിഴക്കൻ മേഖലകളിൽ 80 ശതമാനവും റിയാദ് മേഖലയിൽ 95 ശതമാനവും അൽ അഹ്സയിൽ 86 ശതമാനവുമാണ് കുറവ് രേഖപ്പെടുത്തിയത്. ഖസീമിലും വടക്കൻ അതിർത്തിയിലും അറാറിലും നൂറുശതമാനം കുറവുണ്ടായി.
സൗദിയിലെ പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം പരിസ്ഥിതി സംബന്ധമായ ശാസ്ത്രീയ കണ്ടെത്തലുകളും പൊടിക്കാറ്റ് ചെറുക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കി സമയബന്ധിതമായി പ്രവർത്തനങ്ങൾ കാഴ്ചവെച്ചതും നേട്ടമായി വിലയിരുത്തുന്നു. സൗദിയുടെ സമ്പൂർണ വികസനപദ്ധതിയായ വിഷൻ 2030 ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ യോജിച്ച പ്രവർത്തനങ്ങളുടെ ഫലമാണ് പൊടിക്കാറ്റിൽ ഗണ്യമായ കുറവ് വന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
സൗദിയുടെ വിവിധ പ്രദേശങ്ങളിൽ മണൽകാറ്റ്, പൊടിക്കാറ്റ് എന്നിവയിൽ കുറവു വന്നിട്ടുണ്ട്. സൗദി വിഷൻ 2030ന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ തുടർച്ചയായ ശ്രമങ്ങളാണ് പൊടിക്കാറ്റിന്റെ തോത് കുറക്കാൻ കാരണമായതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്ര വക്താവ് ജമാൻ അൽ-ഖഹ്താനി പറഞ്ഞു. പൊടി, മണൽ കൊടുങ്കാറ്റുകളുടെ ആഘാതം കുറക്കുക, പാരിസ്ഥിതിക സുസ്ഥിരത വർധിപ്പിക്കുക തുടങ്ങിയവയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.